തിരുമണ ഫ്ലക്‌സ് വിശേഷങ്ങൾ

കമ്പം ഉത്തമപാളയം -ബോഡിമെട്ട് റോഡിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ കല്യാണ ഫ്ലക്സ് ബോർഡ് ഫോട്ടോ: ഷിബിൻ ചെറുകര
കെ ടി രാജീവ്
Published on Sep 20, 2025, 12:15 AM | 2 min read
ഇടുക്കി
എവിടെ തിരിഞ്ഞാലും വർണപ്പകിട്ടാർന്ന ഫ്ലക്‌സ് ബോർഡുകൾ ഇന്ന് തമിഴ്‌നാട്ടിലെ സ്വാഭാവിക കാഴ്‌ചയാണ്. വിവാഹം മുതൽ പിറന്നാൾ വരെ, രാഷ്ട്രീയ പരിപാടി മുതൽ ഉത്സവം വരെ– എന്തിനും ഏതിനും ആശംസകളും അറിയിപ്പുകളും നിറഞ്ഞ ഫ്ലക്‌സുകൾ നിർബന്ധം. ഇവ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും പ്രത്യേകമായൊരു മുഖമാണ് നൽകുന്നത്. ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടായ്മകളോ ചേർന്ന് ഒരാളുടെ സന്തോഷ നിമിഷത്തിൽ തങ്ങളും പങ്കുചേരുന്നെന്ന് പൊതുസ്ഥലത്ത് പ്രഖ്യാപിക്കുന്ന രീതിയാണ് ഈ "ഫ്ലക്‌സ് സംസ്‌കാരം’. പോസ്റ്റർ, ബാനർ, ചുമരെഴുത്തുകൾ എന്നിവയായിരുന്നു മുമ്പ് വിളംബരത്തിനായി ഉപയോഗിച്ചിരുന്നത്. കാലം മാറിയതോടെ ഫ്ലക്സുകൾ ഇടം പിടിച്ചു. പിറന്നാൾ ആശംസകൾ, വിവാഹം, വിവാഹ വാർഷികങ്ങൾ, മരണ അറിയിപ്പ്, പാലുകാച്ചൽ, പേരിടീൽ, പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കൽ തുടങ്ങിയവയെല്ലാം പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരുടെ ആനന്ദത്തിൽ പങ്കുചേരുന്നതിനുമുള്ള ഉപാധിയായി ഫ്ലക്സ് സംസ്‌കാരം മാറിക്കഴിഞ്ഞു. ഇവ കൂടാതെയാണ് ഫാൻസ് അസോസിയേഷനുകൾ ഇഷ്ടതാരങ്ങളുടെ പേരിൽ മത്സരിച്ച് സ്ഥാപിക്കുന്ന പടുകൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ. ദളപതിയും ഇളയ ദളപതിയുംവരെ ആകാശമുയരെ ഉയർന്നുനിൽക്കും. താരങ്ങളുടെ പിറന്നാളാണെങ്കിൽ തെരുവിൽ ഫ്ലക്‌സ്- ഫെസ്റ്റിവലായി മാറും. ആർക്കാണോ ആശംസ അറിയിക്കുന്നത് അവരുടെ ചിത്രങ്ങൾ മാത്രമല്ല, ആരാണോ ‘ഫ്ലക്‌സിനു പിന്നിൽ’ അവരുടെ ചിത്രങ്ങളും വലുതായി തന്നെ കൊടുത്തിരിക്കും. വിവാഹ വേളയിൽ വധൂവരന്മാർക്ക് ആശംസ നൽകുന്ന ഫ്ലക്സ് ബോർഡുകളിൽപോലും ഇതുകാണാം. മുകളിൽ അച്ഛനമ്മമാരുടെ ചിത്രം, മുത്തശ്ശൻ–മുത്തശ്ശി, സുഹൃത്തുക്കൾ അങ്ങനെ പോകുന്നു ചിത്രങ്ങൾ. ചലച്ചിത്ര നടന്റെ ആരാധകനാണെങ്കിൽ പരസ്യ ബോർഡ് ഫാൻസുകാർ ഏറ്റെടുക്കും. അങ്ങനെയെങ്കിൽ ഇഷ്ടനടന്റെ കൂടെയാകും വധൂവരന്മാരുടെ സ്ഥാനം. വിവാഹമെന്നാൽ തമിഴ്നാട്ടിൽ കരയാകെ ആഘോഷമാണ്. കുറിയിൽ പേരുകളാണെങ്കിൽ ബഹുവിശേഷം. പരേതരായ കാരണവന്മാരുടെ ഉൾപ്പെടെയുള്ള പേരുവിവരം കുറിയിൽ സ്ഥാനംപിടിക്കും. ഒപ്പം വിദ്യാഭ്യാസ യോഗ്യതയും. വീട്ടിൽ നാലഞ്ച് ആളുകളേ ഉള്ളൂവെങ്കിലും കുട്ടികളുടെ പിറന്നാൾ ആഘോഷം മുഴുവനും കവലയിലെ ഫ്ലക്‌സിലാണ്. പിന്നിൽ ഗർജിക്കുന്ന സിംഹം, മുന്നിൽ കുഞ്ഞിന്റെ ചിത്രം, ചുറ്റും പത്തിരുപത്തഞ്ച് പേരുടെ “ബെസ്റ്റ് വിഷസ്”. ‘ഹാപ്പി ബെർത്ത്‌ഡേ കുട്ടിരാജ’ എന്നൊക്കെയാകും ക്യാപ്‌ഷൻ. വശങ്ങളിൽ ബലൂണും കേക്കും പൂത്തിരികളും പൂക്കളുമെല്ലാം യഥേഷ്‌ടം. ഫ്ലക്‌സ് സംസ്കാരം ഇന്ന് തമിഴ്‌നാടിന്റെ തെരുവുഭാഷയാണ്. സന്തോഷവും അഭിമാനവും പങ്കിടാനുള്ള ഒരുസമൂഹത്തിന്റെ ആഗ്രഹത്തിന്റെ കലാത്മക പ്രകടനമായിക്കൂടി അതിനെ കാണാം.









0 comments