താലൂക്ക് ആശുപത്രിയിലെ പ്രസവവാർഡ് പുതിയ മന്ദിരത്തിലേക്ക് മാറ്റും: അഡ്വ. എ രാജ എംഎൽഎ

താൽക്കാലികമായി മാറ്റുന്ന പ്രസവ വാർഡിലെ സൗകര്യങ്ങൾ അഡ്വ. എ രാജ എംഎൽഎ പരിശോധിക്കുന്നു
അടിമാലി
താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് പുതിയതായി നിർമിച്ച മന്ദിരത്തിലേക്ക് താൽക്കാലികമായി മാറ്റാൻ നടപടി സ്വീകരിച്ചതായി അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. ഇപ്പോഴുള്ള വാർഡ് പ്രവർത്തിക്കുന്ന കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകിയ സഹചര്യത്തിലാണ് നടപടി. ആർദ്രം പദ്ധതിയിൽ കിഫ്ബി 12.41 കോടി ചെലവിലാണ് പുതിയ മന്ദിരം പൂർത്തിയാക്കിയിട്ടുള്ളത്. ഇവിടെ കാത്ത് ഐസിയുവിനായി തയ്യാറാക്കിയ വിശാലമായ മുറിയിലേക്കാണ് വാർഡ് താൽക്കാലികമായി മാറ്റുന്നത്. നിലവിൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് പുതിയ മന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രസവ വാർഡ് നിർമിക്കും. ആരോഗ്യ രംഗത്തെ എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയുടെ വികസന നേട്ടങ്ങൾക്ക് കരുത്തായത്. മലയോരജനതയുടെ ചികിത്സാ സൗകര്യങ്ങൾക്ക് കരുത്ത് പകർന്ന് കൂടുതൽ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആശുപത്രിയുടെ വികസനത്തിനായി 25.3 കോടിയുടെ വികസനമാണ് നടപ്പാക്കിയതെന്നും എംഎൽഎ പറഞ്ഞു. വാർഡിന്റെ സൗകര്യങ്ങൾ എംഎൽഎ പരിശോധിച്ചു. ഡിപിഎം ഡോ. ഖയാസ്, ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങളായ കോയ അമ്പാട്ട്, സനില രാജേന്ദ്രൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ചാണ്ടി പി അലക്സാണ്ടർ, കെ എം ഷാജി, ബിജോ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആശുപത്രി വികസന സമിതി വിളിച്ച് ചേർക്കാത്ത ബ്ലോക്ക് പഞ്ചായത്ത് നടപടി പ്രതിഷേധാർഹമാണെന്ന് അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. തിങ്കളാഴ്ച വികസന സമിതി യോഗം ചേരാൻ തീരുമാനിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ, ഡിഎംഒ, ഡിപിഎം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ എന്നിവർ എത്തിയെങ്കിലും പ്രസിഡന്റ് എത്തിയില്ല. ഇത് തികഞ്ഞ നിരുത്തരവാദപരവും രാഷ്ട്രീയ ലക്ഷ്യംവച്ചുമുള്ളതാണ്.









0 comments