തൊടുപുഴ നഗരസഭാ പാര്‍ക്ക് പൂട്ടിയിട്ട് 5 മാസം
കുട്ടികളുടെ പാര്‍ക്കെങ്കിലും ശരിയാക്കിക്കൂടേ?

തൊടുപുഴ നഗരസഭ കുട്ടികളുടെ പാര്‍ക്ക് പ്രവേശനകവാടം പൂട്ടിയനിലയില്‍

സ്വന്തം ലേഖകൻ
Published on Aug 01, 2025, 12:30 AM | 1 min read
തൊടുപുഴ
തൊടുപുഴയിലും പരിസരത്തുമുള്ള നിരവധിയാളുകൾക്കും കുട്ടികൾക്കും വിശ്രമത്തിനും വിനോദത്തിനുമായി നിർമിച്ച നഗരസഭ കുട്ടികളുടെ പാർക്കിന് പൂട്ടുവീണിട്ട് അഞ്ചുമാസമായി. ബിജെപി പിന്തുണയോടെ നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചശേഷമാണ് പല വികസന പ്രവർത്തനങ്ങൾക്കും ചരമഗീതമായത്. കേരളത്തിൽ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മിനി സിവിൽ സ്‌റ്റേഷനും കുട്ടികളുടെ പാർക്കും യാഥാർഥ്യമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റനാണ് താൽക്കാലികമായി പാർക്ക് അടച്ചത്. മുറിച്ചിട്ട മരത്തിന്റെ ശിഖിരങ്ങൾ വെട്ടിമാറ്റാൻ അധികൃതർ താൽപ്പര്യം കാണിച്ചില്ല. കുറേഭാഗങ്ങള്‍ പുഴയിലേക്ക് വീണതിനെതിരെ പരാതിയും ഉയർന്നു. കളിയുപകരണങ്ങൾ തുരുമ്പെടുത്ത് തുടങ്ങി. മരശിഖിരങ്ങൾ വീണ് ഇവ തകര്‍ന്നിട്ടുണ്ട്. ഉയര്‍ന്നുനില്‍ക്കുന്ന ഇരുമ്പ് അവശിഷ്ടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ശുചിമുറികളിലെ മലിനജലം പാർക്കിൽ പടരുന്നതായും വിവരമുണ്ട്. ഇതെല്ലാം സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നില്ല. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ പാര്‍ക്ക് അടച്ചിരിക്കുകയാണെന്നാണ് പ്രവേശന കവാടത്തിന് മുന്നിലെ അറിയിപ്പ്. ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്താണ് പാര്‍ക്കെന്നും ഓര്‍ക്കണം. എൽഡിഎഫ് ഭരണം നിലനിന്നിരുന്ന 2022 ആഗസ്‌തിൽ പാർക്കിലേക്ക് കുട്ടികളെ ആകർഷിക്കാൻ നിരവധി കളിയുപകരണങ്ങളും റൈഡുകളും സ്ഥാപിച്ചിരുന്നു. ഇതിന് നല്ല പ്രതികരണവും ലഭിച്ചിരുന്നു. ആഗസ്‌ത് മുതൽ 11മാസത്തെ 10 ലക്ഷത്തോളം രൂപ വരവുണ്ടായി. അന്ന് ടിക്കറ്റ് കൗണ്ടറിലും പാർക്ക് വൃത്തിയാക്കാനും നാലുപേരുടെ സേവനവുമുണ്ടായിരുന്നു. നിലവില്‍ കളിയുപകരണങ്ങള്‍ക്കായി 12ലക്ഷം രൂപ വകയിരുത്തിയെന്നും 8.9 ലക്ഷത്തിന് കരാര്‍ ആയിട്ടുണ്ടെന്നുമാണ് വിവരം. കുട്ടികളുടെ പാർക്ക് എന്നാണ് പേരെങ്കിലും തൊടുപുഴയാറിനോട് അഭിമുഖമായുള്ള പാർക്കിൽ കുളിർകാറ്റേറ്റ് വിശ്രമിക്കാൻ മുതിർന്നവരും കുടുംബസമേതം എത്തിയിരുന്നു. പാർക്കിനെ ചുറ്റിപ്പറ്റി നിരവധി പേർ ഉപതൊഴിലെടുത്തും കുടുംബം പുലർത്തിയിരുന്നു. പാര്‍ക്ക് അടച്ചതോടെ ഭീമമായ തുകയ്‍ക്ക് കരാര്‍ എടുത്ത് കച്ചവടം നടത്തുന്നവര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായെന്നും ആക്ഷേപമുണ്ട്.









0 comments