തൂക്കുപാലത്തിൻ പൊന്മുടിച്ചന്തം

ബേബിലാൽ
Published on Jul 28, 2025, 12:15 AM | 1 min read
രാജാക്കാട്
നഗരത്തിരക്കുകളിൽനിന്ന് മാറി ഒഴിവുസമയം ആസ്വദിക്കണോ? നേരെ പൊന്മുടി തൂക്കുപാലത്തിലേക്ക് വിട്ടോളൂ. അലസമായി ഒഴുകുന്ന പന്നിയാർ പുഴയ്ക്ക് കുറുകെ, രണ്ടുമലകളെ ബന്ധിപ്പിച്ച് നൂറടിയോളം ഉയരത്തിൽ ഉരുക്കുവടത്തിൽ തൂങ്ങിനിൽക്കുന്ന തൂക്കുപാലം ആരെയും ആകർഷിക്കും. ചുറ്റും തണൽ പുതപ്പിക്കും പച്ചപ്പ്, മേലെ അംബരചുംബിയായ മലനിരകൾ, കീഴെ പന്നിയാർ പുഴയുടെ അലകൾ തുടങ്ങി പൊന്മുടി തൂക്കുപാലത്തിൽ നിന്നാൽ കണ്ണും കരളും നിറയ്‌ക്കുന്ന കാഴ്‌ചകളേറെ. ബ്രിട്ടീഷ് പ്രൗഢിയിലും സാങ്കേതിക വിദ്യയിലുമാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്.
1970കളിൽ പൊന്മുടിയിൽ അണക്കെട്ട് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളുമായി എത്തിയിരുന്ന വാഹനങ്ങൾ പന്നിയാർ പുഴയ്ക്ക് അക്കരെ എത്തിക്കാൻ വൈദ്യുതി ബോർഡ് നിർമിച്ചതാണ് അടിത്തൂണുകൾ ഇല്ലാത്ത ഈ പാലം. ആദ്യകാലത്ത് തടിപ്പലക വിരിച്ചിരുന്ന പാലമായിരുന്നു. ഇത് നശിച്ചതോടെ പൊതുമരാമത്ത് ഏറ്റെടുത്ത് തകിടുകൊണ്ട് പുനർനിർമിച്ചു. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തുന്നത്. പൊന്മുടി അണക്കെട്ടിൽനിന്നും പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന പാൽപോലെ നുരയുന്ന വെള്ളവും കാനനഭംഗിയും ഇവിടെനിന്നാൽ ആസ്വദിക്കാം. ജില്ലയിൽ നിരവധി തൂക്കുപാലങ്ങളുണ്ടെങ്കിലും വാഹനം കയറ്റാവുന്ന ഏക തൂക്കുപാലം കൂടിയാണിത്. ഭാരവണ്ടികൾ ഒഴികെയുള്ളവ ഇതുവഴി യാത്ര അനുവദനീയമായിരുന്നു. എന്നാൽ നിലവിൽ താൽക്കാലികമായി വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ചെറുവാഹനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.









0 comments