30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി
കട്ടപ്പന റിങ് റോഡ് യാഥാര്‍ഥ്യമാകുന്നു


സ്വന്തം ലേഖകൻ
Published on Nov 06, 2025, 12:00 AM | 2 min read
കട്ടപ്പന
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ പാതകളെ ബന്ധിപ്പിച്ചുള്ള റിങ് റോഡ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നു. ഇതിനായി 30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൊതുമരാമത്ത്, ഗ്രാമീണ റോഡുകളാണ് പദ്ധതിയിലുള്ളത്. ബിഎംബിസി നിലവാരത്തില്‍ നിർമിച്ച് വൈദ്യുതി വിളക്കുകള്‍, ടൈല്‍ പതിച്ച നടപ്പാത, റിഫ്ളക്ടര്‍, സൂചനാ ബോര്‍ഡ്, ഐറിഷ് ഓട തുടങ്ങിയ സൗകര്യങ്ങളോടെ നഗരസൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കിയാണ് റോഡുകളുടെ നിര്‍മാണം. കഴിഞ്ഞ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. പ്രധാന ടൂറിസം ഇടത്താവളം കൂടിയായ കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദൂരം കുറയ്ക്കാനും സാധിക്കുന്ന വിധത്തിലാണ് റിങ് റോഡിന്റെ രൂപകല്‍പ്പന. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുവരുന്ന കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ടൗണിലെത്താതെ തിരക്കൊഴിവാക്കി റിങ് റോഡിലൂടെ മലയോര ഹൈവേയിലെത്തി ശബരിമലയിലേക്ക് യാത്ര തുടരാം. സമീപപ്രദേശങ്ങളിലെ റോഡുകള്‍ കൂടി ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതോടെ ടൗണിന്റെ വികസനത്തിനും മുതല്‍ക്കൂട്ടാകും. റിങ് റോഡ് പദ്ധതിക്ക് പുറമേ വെള്ളയാകുടി- കക്കാട്ടുകട റോഡിന് ആറുകോടിയും നേതാജി- ബൈപ്പാസ് റോഡിന് ഒരുകോടി രൂപയും അനുവദിച്ച് ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്. എട്ട് കോടിയുടെ ഇരട്ടയാര്‍- വാഴവര റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നഗരസഭയിലെ മറ്റ് പൊതുമരാമത്ത് റോഡുകളും ഉടന്‍ നവീകരിക്കും.
അടിമാലി–- നത്തുകല്ല്, ചേലച്ചുവട്–- വണ്ണപ്പുറം റോഡുകളുടെ നിര്‍മാണവും ആരംഭിച്ചു. മലയോര ഹൈവേയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു
.
പദ്ധതിയിലെ റോഡുകള്‍
പാറക്കടവ്–ജ്യോതിസ് ബൈപാസ്, പാറക്കടവ്–ഇടശേരി ജങ്ഷന്‍–-പുളിയന്‍മല, കട്ടപ്പന–- ഉപ്പുകണ്ടം, ഇടശേരി ജങ്ഷന്‍–-തോവാള, ഇരട്ടയാര്‍–- ഉപ്പുകണ്ടം, ഇരട്ടയാര്‍-– പഞ്ചായത്ത്പടി, നത്തുകല്ല്- –വെള്ളയാംകുടി-– സുവര്‍ണഗിരി, കട്ടപ്പന എടിഐ ജങ്ഷന്‍-–വെള്ളയാംകുടി, എസ്എന്‍ ജങ്ഷന്‍-– പേഴുംകവല, മാര്‍ക്കറ്റ് ജങ്ഷന്‍-– കുന്തളംപാറ, കട്ടപ്പന–- ഇരട്ടയാര്‍, കെഎസ്ആര്‍ടിസി ജങ്ഷന്‍-– വെട്ടിക്കുഴിക്കവല, സെന്‍ട്രല്‍ ജങ്ഷന്‍-– ഇടശേരി ജങ്ഷന്‍-–മുനിസിപ്പാലിറ്റി, ബസ് സ്റ്റാന്‍ഡ്-–പുളിയന്‍മല, മരുതുംപടി- ജവഹര്‍ റോഡ്, വെയര്‍ഹൗസ് റോഡ്, വള്ളക്കടവ്–-കരിമ്പാനിപ്പടി ചപ്പാത്ത്, വള്ളക്കടവ്-– ഇരുപതേക്കര്‍, ആനകുത്തി–- പൂവേഴ്സ്മൗണ്ട്-–അപ്പാപ്പന്‍പടി, പാറക്കടവ്-–ആനകുത്തി, വെട്ടിക്കുഴക്കവല-– പാദുവാപുരംപള്ളി, അമര്‍ജവാന്‍ റോഡ്, ടി ബി ജങ്ഷന്‍–- ടര്‍ഫ്, മാവുങ്കല്‍ പടി-– പാലത്തിനാല്‍ പടി, അമ്പലക്കവല–- ഒഴുകയില്‍ പടി.









0 comments