മുള്ളില്ലാത്ത മുള്ളന്തണ്ട് കാഴ്ചകളാൽ സമ്പന്നം

രാജാക്കാട് മുള്ളൻതണ്ട് മലനിരകളിൽ നിന്നുള്ള ദൃശ്യം

മുള്ളൻതണ്ട് മലനിരകളിൽ നിന്നുള്ള ദൃശ്യം

avatar
ബേബിലാൽ

Published on Jul 24, 2025, 12:30 AM | 1 min read

രാജാക്കാട്
ചായവും ചമയവും ഇല്ലാത്ത നൈസർഗികമായ പ്രകൃതി സൗന്ദര്യവുമായി മുള്ളന്തണ്ട്. മുട്ടുകാട്, ബി ഡിവിഷൻ, മേൽമഞ്ഞകുഴി, മുള്ളൻ തണ്ട്, തൊട്ടു തൊട്ടു കിടക്കുന്ന മനോഹരസ്ഥലങ്ങളാണ്. മുള്ളൻതണ്ട് വനമേഖലയിൽ ഒരേക്കർനിരന്ന പാറയും അതിനപ്പുറത്തായി ബി ഡിവിഷൻ മലനിരകളുമുണ്ട്. ചോലവനങ്ങളുടെ നിബിഢതയിൽ കാനന സൗന്ദര്യം നുകർന്ന് ഹൃദയത്തെ തൊട്ടുണർത്തുന്ന ഒരു യാത്ര അനുഭൂതികൾ പകരും. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടണമായ മൂന്നാറിൽനിന്ന് 35 കിലോമീറ്റർ യാത്രചെയ്താൽ എത്തിച്ചേരാം. 30 സെന്റ് നിറഞ്ഞ് നിൽക്കുന്ന ആൽമരം ഒരു അത്ഭുതക്കാഴ്ചയാണ്. രാജകുമാരിയിലെ കുരുവിള സിറ്റിയിൽനിന്നും മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ മുള്ളില്ലാത്ത മുള്ളന്തണ്ടില്ലെത്താം.
മൂടൽമഞ്ഞ് മറനീക്കുമ്പോൾ ജില്ലയിലെ പ്രധാന സ്ഥലങ്ങൾ, ഇടുക്കി അണക്കെട്ട് ഉൾപ്പെടെ ഇവിടെനിന്ന് കാണാം. കൊച്ചരുവികളും ഉറവകളും വ്യാപകമായി കാണാൻ സാധിക്കും. ചുറ്റീന്ത്, തുടലി തുടങ്ങിയ കാട്ടുപഴങ്ങളുടെ മാധുര്യംനുകർന്ന് കാട്ടരുവികളുടെ കളകളാരവം കേട്ട് കാട്ടുമൃഗങ്ങളെ കണ്ടുള്ള ഈ യാത്ര പുതിയൊരു അനുഭൂതി പകരും. കുറ്റിച്ചെടികളും പുൽമേടുകളും നിറഞ്ഞ ഇവിടെ ചരിത്രശേഷിപ്പുകളായ മുനിയറകളും, പാറഅള്ളുകളുമുണ്ട്. കാട്ടാനക്കൂട്ടങ്ങളും, കേഴ, കുരങ്ങ്, പന്നി തുടങ്ങി അപൂർവയിനം കാട്ടുപക്ഷികൾവരെ സ്വൈരമായി വിഹരിക്കുന്ന ഇവിടം നാട്ടുമനുഷ്യരുടെ കൈകടത്തലിന്‌ വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ കാനന സൗന്ദര്യത്തിന്റെ തനിമയും നഷ്ടമായിട്ടില്ല.
ഇടംപിരി– വലം പിരി, ആനക്കുറുന്തോട്ടി ഉൾപ്പെടെയുള്ള ഔഷധ സസ്യങ്ങൾ ഇവിടെ നിറഞ്ഞിരിക്കുന്നു. ഈ ചോലവനങ്ങൾക്ക് അതിരിടുന്നത് ഏലത്തോട്ടങ്ങളാണ്. ഇവിടെ ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാൻമാരുടെ കുടികൾ ധാരാളമുണ്ട്.105 ആദിവാസി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഇവർക്ക് സർക്കാർ വീടുകൾ പണിതു കൊടുത്തിട്ടുണ്ടെങ്കിലും അവർക്ക്ഓലയും പുല്ലും ഉപയോഗിച്ച് നിർമിക്കുന്ന വീടുകളോടാണ് താൽപര്യം.




deshabhimani section

Related News

View More
0 comments
Sort by

Home