ജനവാസമേഖലയില്‍ കാട്ടാനകൾ

കലൂരിന് സമീപം പയ്യാവിൽ കാട്ടാനകൾ റോഡ് മുറിച്ചുകടക്കുന്നു
തൊടുപുഴ
ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനകൾ. കലൂരിനു സമീപം പയ്യാവ്, വാഴക്കാല മേഖലകളിലാണ് ബുധൻ പുലർച്ചെ രണ്ടുകാട്ടാനകൾ എത്തിയത്. ഒട്ടേറെ വീടുകളുള്ള ഭാഗത്താണ് കൊമ്പൻമാരെത്തിയത്. പഞ്ചായത്തംഗം ശരത് ബാബുവിന്റെ നേതൃത്വത്തിൽ തുരത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർക്കുനേരെ ഇവ പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. നാട്ടുകാർ ബഹളം വച്ചതോടെ കാളിയാർപുഴകടന്ന് കടവൂർ പനങ്കര ഭാഗത്തെത്തിയ ആനകൾ ഇവിടെയും ജനവാസമേഖലയിൽ തമ്പടിച്ചു. പിന്നീട് ആർആർടി സംഘവും നാട്ടുകാരുംചേർന്ന് പടക്കം പൊട്ടിച്ച് വനമേഖലയിലേക്ക് തുരത്തി. മുള്ളരിങ്ങാട് വനമേഖലയിൽ നിന്നാണ് ആനകൾ എത്തിയതെന്നാണ് നിഗമനം. ഇവിടെ നാല് ആനകൾ ഫെൻസിങ് തകർത്ത് ജനവാസമേഖലയിലേയ്ക്ക് കടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന മേഖലയിൽ ജനങ്ങൾ ആശങ്കയിലാണ്. വനംവകുപ്പിന്റെ നിസംഗതയിൽ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.









0 comments