എട്ടുകാലി മരത്തണലിൽ ഇത്തിരിനേരം

എട്ടുകാലി മരത്തിന്റെ കാഴ്്ചകൾ

മതികെട്ടാൻ ചോലയിലെ എട്ടുകാലി രൂപത്തിലുള്ള മരം

avatar
ബേബിലാൽ

Published on Jul 23, 2025, 12:30 AM | 1 min read

രാജാക്കാട്

ജൈവവൈവിധ്യ കലവറയായ മതികെട്ടാൻ ദേശീയ ഉദ്യാനത്തിലെത്തുന്നവരെ വരവേറ്റ്‌ എട്ടുകാലിരൂപത്തിലൊരു വൻമരം. ഈ ചോലമരത്തണലിൽ അല്പനേരം സഞ്ചാരികൾ ചെലവഴിക്കും. തായ്‌ത്തടി കൂട്ടി എട്ട് താങ്ങ് കാലുകളുമായി നിൽക്കുന്നതിനാലാണ് മരത്തിന് എട്ടുകാലിമരംമെന്ന്‌ വിളിക്കാനിടയായത്‌. ദൂരെനിന്ന്‌ നോക്കിയാൽ വലിയ എട്ടുകാലി നിൽക്കുന്നതായി തോന്നും. ജില്ലയിലെ വനമേഖലയിൽ ഇത്രയും വിസ്താരത്തിൽ പടർന്ന് നിൽക്കുന്ന ഏക മരമാണിത്. അരയേക്കറോളം സ്ഥലത്താണ് ഈ മരമുത്തശ്ശൻ പടർന്ന് പന്തലിച്ചത്. ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ള മരമാണിതെന്നാണ് വനപാലകർ പറയുന്നത്. തായ്‌ത്തടി കൂടാതെ പടർന്ന് നിൽക്കുന്ന ശിഖരങ്ങളിൽനിന്ന് മറ്റു വശങ്ങളിലേക്ക് ഏഴ് താങ്ങുവേരുകളുമുണ്ട്‌.

15 മീറ്റർ മാത്രം ഉയരമുള്ള മരത്തിൽ ആർക്കും എളുപ്പത്തിൽ കയറിപ്പറ്റാനും സാധിക്കും. അതുകൊണ്ടുതന്നെ പടർന്നുനിൽക്കുന്ന മരത്തിന്റെ മുകളിൽ കയറി ആളുകൾ വിശ്രമിക്കാറുമുണ്ട്. മറ്റു മരങ്ങൾ ഇലകൊഴിച്ച് പുതിയ തളിർവരാൻ കാത്തിരിക്കുമ്പോഴും ഈ മരമുത്തച്ഛൻ മഴയും വെയിലും വന്നാലും എക്കാലവും പച്ചപ്പിൽ നിറഞ്ഞു നിൽക്കും എന്ന പ്രത്യേകതയുമുണ്ട്. പേത്തൊട്ടിയിൽനിന്ന് മതികെട്ടാൻ ദേശീയ ഉദ്യാനത്തിന്റെ കവാടത്തിലേക്ക് നാലു കിലോമീറ്റർ ആണുള്ളത്. ഇവിടെയെത്തുന്നതിന് അര കിലോമീറ്റർ മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ എട്ടുകാലി മരം സ്ഥിതി ചെയ്യുന്നത്. എട്ടുകാലിമരം കാണാതെ ആരെങ്കിലും മതികെട്ടാൻചോലയിൽ എത്തിയാൽ തിരിച്ചു പോകുന്നതിനുമുമ്പ് അധികൃതർ തന്നെ സഞ്ചാരികളെ ഇവിടെ എത്തിച്ചതിനുശേഷമാണ് തിരിച്ചയക്കാറ്. ഇക്കഴിഞ്ഞ വേനൽക്കാല അവധി ആസ്വദിക്കുന്നതിനായി മതികെട്ടാന്റെ മനോഹാരിത തേടിയെത്തിയ വിനോദസഞ്ചാരികളായ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ എട്ടുകാലി മരമായിരുന്നു. ഇതിനുമുകളിൽ കയറികളിച്ചും ചുവട്ടിലെ തണലിലിരുന്ന് ഭക്ഷണംകഴിച്ച് വിശ്രമിച്ചുമൊക്കെയാണ്‌ അവർ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home