ഐതിഹ്യപ്പഴമയിൽ കാഴ്‌ചയുടെ പുതുവസന്തം

രാജാപ്പാറമേട്
സ്വന്തം ലേഖകന്‍
Published on Aug 19, 2025, 12:15 AM | 2 min read
രാജാക്കാട്
കുന്നിൻചെരിവുകളും പുൽമേടുകളും താഴ്‌വരകളുംചേർന്ന് ഭൂമിയിൽ സ്വർഗസമാന സൗന്ദര്യം സമ്മാനിക്കുന്ന കാഴ്‌ചകളുടെ നവ വസന്തമാണ് രാജാപ്പാറമേട്. താഴ്‌വാരങ്ങളിലെ പടരുന്ന പച്ചപ്പും കൃഷിഭൂമികളും ഒരു ചിത്രകാരന്റെ ക്യാൻവാസിലെന്നപോലെ കൺമുന്നിൽ തെളിയും. പുതുകാഴ്‌ചകളുടെ ആകാംക്ഷ സമ്മാനിക്കുന്നതിനൊപ്പം ഐതിഹ്യപ്പഴമയുടെ പെരുമയും രാജാപ്പാറമേടിന് പറയാനുണ്ട്. തമിഴ്‌നാട്ടിലെ തൊണ്ടാമാന്‍ രാജവംശത്തിലെ രാജാവ് മലമടക്കുകളില്‍ കുറേക്കാലം ഒളിവില്‍ പാര്‍ത്തതായാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് താൽക്കാലിക രക്ഷതേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മൺകോട്ട തീർത്തും വംശത്തിന്റെ മുഴുവൻ സമ്പത്ത് ഇവിടുത്തെ വൻമലയുടെ ചെരുവിൽ പാറയിൽതീർത്ത അറയിൽ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതിൽ തുറക്കാൻ ഒരു ചങ്ങലയും സ്ഥാപിച്ചു. ചങ്ങലയുടെ അറ്റം സമീപത്തെ തടാകത്തിലാണെന്ന് പറയപ്പെടുന്നു. തടാകത്തിൽ നിന്ന് ചങ്ങല വലിച്ചാൽ കൽക്കതക് തുറക്കും. ഇതുവരെ ചങ്ങലയും വാതിലും കണ്ടെത്തിയിട്ടില്ല. അതിനാൽ വമ്പൻമലയ്ക്ക് കതകുപലകമേട് എന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവീണു. മൂന്നാർ-–തേക്കടി സംസ്ഥാനപാതയിൽനിന്ന് രണ്ട് കിലോമീറ്റർദൂരം ഏലക്കാട്ടിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. മുകളിലെത്തിയാൽ പഴയ ചെക്ക്പോസ്റ്റിന്റെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടം കാണാം. ബോഡിമെട്ട് റോഡ് വരുന്നതിന് മുമ്പ് തമിഴ്‌നാട്–കേരള വാണിജ്യ ബന്ധങ്ങൾ നടന്നിരുന്നത് ഇതുവഴിയാണ്. ഇവിടെനിന്ന് തമിഴ്നാട്ടിലെ തേവാരത്തേക്ക് ഇറങ്ങുന്ന കാട്ടുപാതയുമുണ്ട്.
18 കൽപ്പടവുകൾ ഇറങ്ങിവേണം തമിഴ്നാട്ടിലെത്താൻ, അതിനാൽ പതിനെട്ടാംപടിമേട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇത് തുടങ്ങുന്നിടത്ത് മേൽക്കൂരയില്ലാത്ത ഓട്ടക്കോവിൽ ക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. 250 മീറ്റർ ചെല്ലുമ്പോൾ കാഴ്‌ചയുടെ നിറവസന്തമാണ് കൺമുന്നിൽ വിരിയുക. തമിഴ്‌നാടൻ കൃഷിഭൂമികളുടെ അനുപമദൃശ്യത്തിനൊപ്പം തണുത്ത കാറ്റിന്റെ തലോടലും സഞ്ചാരികളുടെ മനംകുളിർപ്പിക്കും. താഴെ കണ്ണെത്താദൂരം പരന്നുകിടക്കുന്ന കാറ്റാടിപ്പാടങ്ങൾ, അവയ്ക്കിടയിൽ കൃഷിയിടങ്ങളിലും ചെറിയകുന്നുകളിലും വെയിലും മേഘങ്ങളുടെ നിഴലുംചേർന്ന് സൃഷ്ടിക്കുന്ന വർണവിസ്‌മയങ്ങൾ. തേവാരം, ബോഡിമെട്ട്, ബോഡിനായ്ക്കന്നൂർ പ്രദേശങ്ങൾ ഇവിടെനിന്നാൽ കാണാം. തല ഉയർത്തി നിൽക്കുന്ന കതകുപലകമേടിന് മുകളിൽ കയറുക അത്ര എളുപ്പമല്ല. എന്നാൽ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ അനുഭവം ഹരം കൊള്ളിക്കുമെന്നതിൽ സംശയമില്ല. പാറയുടെ കുത്തനെയുള്ള വശത്ത് കുറിയ വരകളും അടയാളപ്പെടുത്തലുകളും കാണാം. തൊണ്ടാമാന്‍ രാജാവിന്റെ നിധി ഇവിടെയാണെന്നാണ് വിശ്വാസം.
മലയുടെ മുകളിൽ ഒരിയ്ക്കലും വറ്റാത്ത ഉറവയുണ്ട്. വേനൽക്കാലത്ത് ധാരാളം വന്യമൃഗങ്ങൾ വെള്ളം കുടിക്കാൻ ഇവിടെയെത്തും. കാടും കാറ്റും മഞ്ഞും മലകളും തീർക്കുന്ന വന്യസൗന്ദര്യം തേടിയെത്തുന്നവരുടെ എണ്ണം കുറവാണ്. ഐതിഹ്യത്തിനും പ്രകൃതി സൗന്ദര്യത്തിനുമൊപ്പം സാഹസികതയും വാഗ്‌ദാനം ചെയ്യുന്ന രാജാപ്പാറമെട്ട് ഇടുക്കിയുടെ വിനോദ സഞ്ചാരഭൂപടത്തിൽ സ്ഥിരസാന്നിധ്യമാകാൻ ഏറെനാൾ വേണ്ടിവരില്ല.









0 comments