തെരുവ് വിളക്കുകൾ കത്തുന്നില്ല
തൊടുപുഴ നഗരസഭയില്‍ രാത്രിയിറങ്ങാൻ ടോര്‍ച്ച് വേണം


സ്വന്തം ലേഖകൻ
Published on Jul 29, 2025, 12:15 AM | 1 min read
തൊടുപുഴ
തൊടുപുഴ നഗരസഭയില്‍ തെരുവ് വിളക്കുകള്‍ കത്താതായിട്ട് നാളുകളായിട്ടും നടപടിയെടുക്കാതെ യുഡിഎഫ് ഭരണസമിതി. രാത്രികളില്‍ നഗരത്തിന്റെ പലഭാഗങ്ങളും ഇരുട്ടിലാണ്. എല്‍ഡിഎഫിലെ സബീന ബിഞ്ചു ചെയര്‍പേഴ്‍സണായിരുന്ന ഏഴുമാസ കാലയളവില്‍ തെരുവ് വിളക്കുകള്‍ തെളിയിക്കാൻ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. 60 ലക്ഷം രൂപ വകയിരുത്തി. 48ലക്ഷം രൂപയ്‍ക്ക് ഒരാള്‍ കരാറുമെടുത്തു. ഏകദേശം 3000ഓളം ബള്‍ബുകള്‍ തെളിയിച്ചു. എന്നാല്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നാരോപിച്ച് ബിജെപിയിലെ ഒരു വിഭാഗവുമായി ചേര്‍ന്ന് യുഡിഎഫുകാര്‍ നഗരസഭ ഭരണം അട്ടിമറിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കരാറുകാരൻ വ്യവസ്ഥകള്‍ ലംഘിക്കുകയും പണി നിര്‍ത്തിവയ്‍ക്കുകയും ചെയ്‍തു.
കേടാകുന്ന ബൾബുകൾ ഏഴുദിവസത്തിനകം മാറ്റണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇയാൾ സ്ഥാപിച്ച പല ബള്‍ബുകളും തെളിയുന്നില്ല. നഗരസഭ നീക്കിവച്ച 60 ലക്ഷത്തിൽ ബാക്കിയുള്ള 12 ലക്ഷത്തിന് എൽഇഡി ബൾബുകൾ സ്ഥാപിക്കാനുള്ള കരാറും ഇയാൾ തന്നെയാണ് എടുത്തതെങ്കിലും നടപ്പാക്കിയിട്ടില്ല. ഓട്ടോമാറ്റിക് ബൾബുകൾ സ്ഥാപിക്കാമെന്ന വ്യവസ്ഥയുടെയും സ്ഥിതി ഇതുതന്നെ. 35 വാർഡുകളുള്ള നഗരസഭയില്‍ ഒരുവാർഡിൽ പോലും തെരുവ് വിളക്കുകൾ തെളിയിക്കാനുള്ള പണികൾ പൂർത്തിയായിട്ടില്ല.
വാർഡ് കൗൺസിലർമാർക്ക് ചെലവഴിക്കാൻ ഒന്നുമുതല്‍ രണ്ടുലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് സാധനങ്ങൾ വാങ്ങേണ്ടത് സെക്രട്ടറിയും ജീവനക്കാരുമാണ്. അവർ ഇക്കാര്യത്തിൽ ഗുരുതര വീഴ്‌ച വരുത്തുന്നതായാണ് സൂചന. കൗൺസിൽ യോഗത്തിൽ ഇടത് അംഗങ്ങൾ ഈ വിഷയം പലതവണ ഉന്നയിക്കുകയും കത്ത് കൊടുക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. യുഡിഎഫ് ഭരണത്തിലെത്തിയതോടെ നഗരസഭയിൽ വികസനപ്രവർത്തനങ്ങൾ ഇല്ലാതാകുന്ന കാഴ്‌ചയാണ്.









0 comments