പാലോട് രവിയുടെ രാജി
സന്തോഷത്താൽ മധുരംവിളമ്പി യൂത്ത് കോൺ. നേതാവ്

സ്വന്തം ലേഖകൻ
Published on Jul 28, 2025, 03:11 AM | 1 min read
പാലോട്
ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്‌ത യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിനെയാണ് പുറത്താക്കിയത്. പാലോട് രവിയുടെ ജന്മസ്ഥലമായ പെരിങ്ങമ്മലയിലും പാലോട് ടൗണിലും ശനി വൈകിട്ട് ഇയാൾ ജിലേബി വിതരണം ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്‌തു. എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി ഫോണിലൂടെ സംസാരിച്ചത് പുറത്തായതോടെയാണ് നേതൃത്വം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത്. ഡിസിസി പ്രസിഡന്റിനെതിരെ യൂത്ത് കോൺഗ്രസുകാർ ഉൾപ്പെടെ നിരവധിതവണ എഐസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ്, രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. എന്നാൽ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയതോടെയാണ് രാജി ചോദിച്ചുവാങ്ങിയത്. അങ്ങനെയെങ്കിലും ഡിസിസി പ്രസിഡന്റിനെ മാറ്റിയല്ലോ എന്ന സന്തോഷത്തിലാണ് യൂത്ത്‌കോൺഗ്രസ് നേതാവ് മധുരം വിളമ്പിയത്. ജന്മനാട്ടിലുൾപ്പെടെ പാലോട് രവിക്കെതിരെ കോൺഗ്രസുകാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. പെരിങ്ങമ്മല പഞ്ചായത്ത് ഭരണം കോൺഗ്രസിന് നഷ്‌ടപ്പെടുത്തിയതിലും ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുണ്ടായിരുന്നു.









0 comments