ജലഭവനുമുന്നിൽ സത്യഗ്രഹം
തൊഴിലാളി താൽപ്പര്യം സംരക്ഷിക്കപ്പെടണം: ടി പി രാമകൃഷ്‌ണൻ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജലഭവനുമുമ്പിൽ നടത്തുന്ന പഞ്ചദിന റിലേ നിരാഹാര സത്യഗ്രഹ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ജല അതോറിറ്റിയിലെ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ. ജലഭവനുമുന്നിൽ ജല അതോറിറ്റി ജീവനക്കാരുടെ പഞ്ചദിന സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ഉന്നത ഉദ്യോഗസ്ഥർ സർക്കാർ ഉദ്ദേശിക്കുന്നതിന് വിരുദ്ധമായി നിലപാടെടുക്കുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നു. ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. സംസ്ഥാനത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുകയാണ്. നികുതിവിഹിതം നൽകുന്നില്ല. ജനങ്ങൾക്ക് നൽകുന്ന സേവനപ്രവർത്തനങ്ങൾ നിഷേധിക്കുകയാണ് ലക്ഷ്യം. കുടിവെള്ളവിതരണത്തിലും കേന്ദ്രവിഹിതം തരുന്നില്ല. ജല അതോറിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാന സർക്കാർ ശരിയായ നിലപാട് സ്വീകരിക്കും. കേന്ദ്രം ലേബർകോഡ് നടപ്പാക്കിയാൽ എട്ടുമണിക്കൂർ ജോലി വ്യവസ്ഥയില്ലാതാകും. മിനിമംകൂലി നഷ്ടപ്പെടും. ട്രേഡ് യൂണിയൻ സ്വാതന്ത്ര്യങ്ങളും നേടിയെടുത്ത അവകാശങ്ങളും നിഷേധിക്കപ്പെടും. പ്രതികൂലനിലപാടിൽനിന്ന് സംരക്ഷണം നൽകുന്നത് കേരളം മാത്രമാണ്. തൊഴിൽമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീവ്രമായ ശ്രമത്തിലാണ് ഏർപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എം ആർ പ്രവീൺകുമാർ അധ്യക്ഷനായി. ഒ ആർ ഷാജി, പി ഉണ്ണികൃഷ്ണൻ, എസ് തന്പി, ടി വത്സപ്പൻനായർ, ജി ആർ ഹേമന്ദ്, എൽ മിനിമോൾ, ടി പി രാജിമോൾ, പി എസ് അജയകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വാട്ടർ അതോറിറ്റിയിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് സാമ്പത്തിക മാനേജ്മെന്റ് കാര്യക്ഷമമാക്കുക, താൽക്കാലിക തൊഴിലാളികൾക്ക് മിനിമം വേതനം അനുവദിക്കുക, അതോറിറ്റിയിലെ വിവിധ നിർമാണപ്രവർത്തനങ്ങളിലുള്ള അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.









0 comments