ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം
മോഹിനിയാട്ടത്തിലെ "ശ്രീ തിളക്കം'

ശ്രീലക്ഷ്മി
വഞ്ചിയൂർ
ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിൽ ആദ്യ ദിവസം നടന്ന ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളിൽ സമ്മാനം ലഭിക്കാതെ മടങ്ങിയെങ്കിലും മോഹിനിയാട്ടത്തിന് മിന്നും വിജയം നേടിയ തിളക്കത്തിലാണ് ശ്രീലക്ഷ്‌മി. ഒന്നാം സ്ഥാനമാണ് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കെ ശ്രീലക്ഷ്മി നേടിയത്. സ്വപ്നങ്ങളെ പിന്തുടരാൻ ഹൃദയം മതിയെന്നും വേദികൾ ഒരിക്കലും അകന്നുപോകില്ലെന്നുമുള്ളതിന്റെ തെളിവാണിത് ശ്രീലക്ഷ്മിക്ക്. കലാമണ്ഡലം ഹുസ്ബ ഭാനുവാണ് ഗുരു. തൃശൂർ സ്വദേശികളായ രാധാകൃഷ്ണൻ–ബിന്ദു രാധാകൃഷ്ണൻ ദമ്പതികളുടെ മകളാണ്. അമ്മ നൃത്ത അധ്യാപികയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു ശ്രീലക്ഷ്‌മി.
നടന ലഹരിയിൽ നൃത്തവേദി
നടന, ലാസ്യ ലഹരിയിൽ ആറാടിച്ച് കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിന്റെ നൃത്തവേദി. ക്ലാസിക്കൽ മുതൽ ഹിപ്പ് ഹോപ്പ് വരെ വൈവിധ്യത്തിന്റെ ചടുലതയിൽ ഭഗത്‌സിങ്ങിന്റെ പേരിലുള്ള വേദി ആനന്ദത്തിൽ ആറാടി. നിറഞ്ഞ സദസ്സിലായിരുന്നു ഓരോ മത്സരങ്ങളും. കൈയടിയോടെയാണ് ഓരോ മത്സരത്തെയും കാണികൾ വരവേറ്റത്. വെസ്റ്റേണും ഹിപ്പ്‌ഹോപ്പും ഓരോ ചുവടിലും ഉത്സവാവേശം വിതറി.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജാം മലയാളം
കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം രണ്ടാം ദിവസത്തിൽ ശ്രദ്ധേയമായി ജാം മലയാളം. മത്സര വിഷയങ്ങൾ കേട്ടപ്പോൾ തന്നെ സദസ്സില്‍ ചിരിയും കൈയടിയും നിറഞ്ഞു. മത്സരാർഥികളുടെ വാക്കുകളുടെ വേഗതയും ചിന്തയുടെ തീക്ഷ്ണതയും മത്സരം കലോത്സവത്തിന്റെ ഹൈലൈറ്റ് ആക്കി. പ്രാഥമിക റൗണ്ടിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ വിഷയങ്ങളായിരുന്നു എല്ലാം. “എന്തിനാടാ കൊന്നിട്ട്, എന്താ മോളുസേ ജാഡ ആണോ”എന്നതൊക്കെ പൊട്ടിച്ചിരി പരത്തി. നിമിഷങ്ങള്‍ക്കകം ലഭിച്ച വിഷയങ്ങളിൽ വിദ്യാർഥികൾ വിനോദവും നിരീക്ഷണബോധത്തോടെയും സംസാരിച്ചപ്പോൾ കൈയടികളുടെ പെരുമഴയായി. അവസാന റൗണ്ടിൽ വിഷയങ്ങളുടെ വൈവിധ്യവും അവതരണവും കലോത്സവത്തിന് മാറ്റുകൂട്ടി.“ഗുൽമോഹർ പൂക്കുന്ന പ്രേമ താഴ്വാരം, പാറിപ്പറക്കുന്ന കൊടികൾ, ഞാൻ കിടിലമാണ്, പൊറോട്ടയും ആഗോള താപനവും, കേരളത്തിലെ ഏറ്റവും നല്ല ജില്ല” തുടങ്ങി ഓരോ വിഷയത്തിലും മത്സരാർഥികൾ വ്യത്യസ്ത കാഴ്ചപ്പാടോടെയായിരുന്നു അവതരണം. മത്സരത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഷാമില ഹുസൈൻ ഒന്നാം സ്ഥാനം നേടി പ്രണവ് എസ് നായർ രണ്ടും ട്രാവൻകൂർ മെഡിസിറ്റിയിലെ ലക്ഷ്മി ഗോപാൽ മൂന്നും സ്ഥാനക്കാരായി.









0 comments