ഹോട്ടൽ ഉടമയുടെ കൊലപാതകം

പ്രതികൾ പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2025, 04:11 AM | 1 min read

തിരുവനന്തപുരം

വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ. പ്രതികളായ ഡൽഹി സ്വദേശി ഡേവിഡ് ദിൽകുമാറും (31),വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷും(39) നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരുവരും ഡൽഹിയിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം. കൊലപ്പെടുത്തിയശേഷം ജസ്റ്റിൻ രാജിന്റെ പോക്കറ്റിലുണ്ടായിരുന്ന എടിഎം കാർഡും പേഴ്സും പ്രതികൾ കൈക്കലാക്കിയിരുന്നു. ജസ്റ്റിൻ രാജ് വന്ന സ്കൂട്ടറും ഇവർ തട്ടിയെടുത്ത് കരകുളത്ത് പണയം വച്ചിരുന്നു. ഇതിൽനിന്ന്‌ കിട്ടിയ പണവുമായി ഇവർ വിഴിഞ്ഞത്തെത്തി പുലർച്ചെ ഡൽഹിയിലേക്ക് കടക്കാനായിരുന്നു പ്ലാൻ. കാർഡുകൾ ഉപയോഗിച്ച് എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും, പിൻനമ്പർ അറിയാത്തതിനാൽ ശ്രമം വിജയിച്ചില്ല. ദിൽകുമാർ നേപ്പാൾ സ്വദേശിയാണെങ്കിലും വർഷങ്ങളായി ഡൽഹിയിലാണ് താമസം. നെഞ്ച് തകർന്നത് 
രാജേഷിന്റെ ഇടിയേറ്റ് ജിംനേഷ്യം പരിശീലകനും കിക്ക് ബോക്‌സറുമായ രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്റെ നെഞ്ചിലെ എല്ലുകൾ തകർന്നതെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിലായ ഇയാൾ തുടരെത്തുടരെ നെഞ്ചിൽ ആഞ്ഞിടിക്കുകയായിരുന്നു. ഹൃദ്രോ​ഗിയായ ജസ്റ്റിൻ രാജിന് ക്രൂര മർദനമാണ് ഏൽക്കേണ്ടിവന്നത്. ചുമരിൽ ചാരിനിർത്തിയും നിലത്തിട്ടും ഇടിച്ചു. ഡേവിഡ് ദിൽകുമാർ ഹെൽമറ്റ് ഉപയോ​ഗിച്ചും മർദിച്ചു. പ്രതികൾ വിഴിഞ്ഞത്തുണ്ടെന്ന വിവരത്തെ തുടർന്ന് പിടികൂടാനെത്തിയ പൊലീസുകാരെയും പ്രതികൾ ആക്രമിച്ചിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊല്ലപ്പെട്ട ജസ്റ്റിൻരാജിന്റെ മൃതദേഹം വെള്ളി പകൽ 11ന് നെയ്യാറ്റിൻകര ഓലത്താന്നിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വിദേശത്തായിരുന്ന ഏകമകൻ ഡോ.കിരൺ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home