തെരുവുനായ ആക്രമണം: കരുംകുളത്ത് 30 പേർക്ക് കടിയേറ്റു

കോവളം
കരുംകുളം പഞ്ചായത്തിൽ തെരുവുനായശല്യം രൂക്ഷം. രണ്ട് ദിവസത്തിനുള്ളിൽ 30ഓളം പേർക്ക് നായയുടെ കടിയേറ്റു. പുല്ലുവിള, പുതിയതുറ, പള്ളം, കൊച്ചുപള്ളി, കരിച്ചൽ എന്നീ തീരദേശ മേഖലകളിലാണ് തെരുവുനായ ആക്രമണം. ചൊവ്വ വൈകിട്ട് അഞ്ചിന് പളളം തീരത്തായിരുന്നു തുടക്കം. പിന്നീട് ബുധനാഴ്ച മറ്റുള്ള സ്ഥലങ്ങളിലും. ബുധൻ രാവിലെ പുല്ലുവിള സ്വദേശികളായ അർജുൻ (16), രാജം (71), പത്രോസ് ഫ്രാൻസീസ് (50), പ്രമോദ് (36), ജോസഫ് (48), റോബിൻസൺ (17), പുഷ്പം (70), റോഷൻ (13), സബി മിഖാലെ (70), പുതിയതുറ സ്വദേശികളായ ജൂസ(53), ലിബിൻ (7), ഷെർളി (26), ക്ലിമൻസ് (62), ബിബിയോജോയ് (21), കഴിവൂർ സ്വദേശി റജികുമാർ (30) എന്നിവര്‍ക്ക് കടിയേറ്റു. ചൊവ്വാഴ്ച പുല്ലുവിള സ്വദേശികളായ മിഥുൻ (16), പനിയമ്മ (64), സുവർണ (7), ആന്റണി (52), കൊച്ചുപള്ളി സ്വദേശികളായ ദീപ (22), സൗമ്യ (28), ഗോര പ്രസാദ് (32), ജ്ഞാനമ്മ (73), ബിജു (48), ലോർദോൻ ജോൺ ബ്രിട്ടോ, റജി, അടിമലത്തുറ സ്വദേശി പീറ്റർ, പള്ളം സ്വദേശി റൈസൺ (54) എന്നിവർക്കും കടിയേറ്റിരുന്നു. കടിയേറ്റവരിൽ മൂന്ന് വയസ്സുകാരനായ ക്രിസ്റ്റനും ഉൾപ്പെടുന്നു. ആൾക്കാരുടെ കാലിലും മുതുകിലും വയറിലുമെല്ലാമാണ് കടിയേറ്റത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. അക്രമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. നായയെ പിടിക്കുന്നതിലും പഞ്ചായത്ത് ഭരണസമിതി അനാസ്ഥയാണ് തുടരുന്നത്. രണ്ട് ദിവസമായി പ്രദേശങ്ങളില്‍ ജനം പുറത്തിറങ്ങാൻ ഭയപ്പെട്ടുകയാണ്.









0 comments