സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്: സംഭവം ആശങ്കാജനകം- ഡിവൈഎഫ്ഐ

തിരുവനന്തപുരം: സ്‌കൂൾ ബസിൽവച്ച് ഒമ്പതാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥി കുത്തിയ സംഭവം ആശങ്കാജനകമാണെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. കൗമാരക്കാരിൽ കുറ്റകൃത്യവാസന വളരുന്നത് അപകടമാണ്. അക്രമത്തിന് ഇരയാകുന്നയാളുടെ ശരീരത്തിനും മനസ്സിനും ചെറിയപ്രായത്തിൽ ഏൽക്കുന്ന പരിക്കും ആഘാതവും വളരെ വലുതാണ്.
രക്ഷാകർത്താക്കളും ബന്ധുക്കളും അനുഭവിക്കുന്ന വേദന കഠിനമായിരിക്കും. കൗമാര പ്രായത്തിലുള്ളവരിലെ ആക്രമണോത്സുകതയുടെ കാരണം, ഇതിന് പിന്നിലെ മാനസികാവസ്ഥ എന്നിവയെല്ലാം സമഗ്രമായി പഠിച്ച്, തിരുത്തലിനായി കർമ്മപദ്ധതി ആവിഷ്‌കരിക്കണമെന്നും ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ബുധൻ വൈകിട്ട് സ്കൂൾ വിട്ടശേഷം നെട്ടയം മലമുകളിൽ എത്തിയപ്പോഴായിരുന്നു ബസിനുള്ളിൽ ആക്രമണം നടന്നത്. വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ മുന്നേയുണ്ടായ തർക്കത്തിന്റ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ബസിനുള്ളിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥി ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് കുത്തിയത്.
ഒമ്പതാം ക്ലാസുകാരന്റെ കഴുത്തിലാണ് പരിക്കേറ്റത്. ഉടൻ പേരൂർക്കട ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജാശുപത്രിയിലേക്കും മാറ്റി. പരിക്ക് ഗുരുതരമല്ല. കുത്തിയ വിദ്യാർഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കത്തിയും കണ്ടെത്തി.









0 comments