സോളാർ വൈദ്യുതി ഉൽപ്പാദകർക്ക് നേരിട്ട് വൈദ്യുതി വിൽക്കാം

തിരുവനന്തപുരം
സംസ്ഥാനത്ത് അതിവേഗം വളരുന്ന പുനരുപയോഗ ഊർജ മേഖലയിൽ സോളാർ വൈദ്യുതി ഉൽപ്പാദകർക്ക് പുത്തൻ അവസരങ്ങൾ തുറന്ന് വൈദ്യുതി റഗുലേറ്ററി കമീഷന്റെ ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ് റഗുലേഷൻസ്- 2025’ കരട്. കെഎസ്‌ഇബിയുടെ സഹായമില്ലാതെ വൈദ്യുതി ഇടപാട് നടത്തി സോളാർ ഉൽപ്പാദകർക്ക് വരുമാനം കണ്ടെത്താം. പരസ്പര ബന്ധിതമായ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾ തമ്മിൽ ബ്ലോക് ചെയിൻ അല്ലെങ്കിൽ മറ്റ് നൂതന സാങ്കേതിക വിദ്യ വഴിയുള്ള വൈദ്യുത ഇടപാടുകൾ നടത്താനാകുന്ന പിയർ ടു പിയർ സംവിധാനമാണ് കമീഷൻ നിർദേശിച്ചത്. സൗരോർജ ഉൽപ്പാദകർക്ക് ഗുണകരമാകുന്ന നിരവധി നിർദേശങ്ങൾ കരടിലുണ്ട്. ഉപയോക്താവിന് തങ്ങളുടെ കണക്‌ടഡ് ലോഡ്/കോൺട്രാക്‌ട് ഡിമാൻഡ് പരിധിക്കുള്ളിൽ ഗ്രിഡിലേക്ക് വൈദ്യുതി നൽകാതെ സ്വന്തം ആവശ്യത്തിനു മാത്രമായി സോളാർ പ്ലാന്റ് സ്ഥാപിക്കാനാകും. ഇതിന് കെഎസ്‌ഇബിയുടെ അനുമതിക്കായി കാത്തിരിക്കേണ്ട, കെഎസ്‌ഇബിയെ അറിയിക്കണമെന്നുമാത്രം. നിലവിൽ വൈദ്യുതി റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ച കരടിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് നടത്തി അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ റഗുലേഷൻ പുറത്തിറക്കുക. ഒക്ടോബർ ഒന്നുമുതൽ പുതിയ ചട്ടങ്ങൾ പ്രാബല്യമാക്കാനാണ് കമീഷന്റെ തീരുമാനം. സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കരട് റഗുലേഷൻ നെറ്റ് മീറ്ററിങ്, നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ് എന്നിവയ്ക്ക് പുറമേ, ഒരു സൗരോർജ പ്ലാന്റിൽനിന്ന് ഫ്ലാറ്റുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിലെ ഒന്നിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങൾ, വൈദ്യുത വാഹനങ്ങളിൽനിന്ന് ഗ്രിഡിലേക്ക് വൈദ്യുതി നൽകൽ തുടങ്ങിയവയും നിർദേശിക്കുന്നു. ഓൺലൈൻ അപേക്ഷാ സൗകര്യവും രജിസ്ട്രേഷൻ ചാർജ് 1000 രൂപയിൽനിന്ന് 300 രൂപയായി കുറയ്ക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളുന്നു. പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക്, സീറോ ബില്ലിങ്, വികേന്ദ്രീകൃത എനർജി സ്റ്റോറേജ് പ്രോത്സാഹനം, നിക്ഷേപം ആകർഷിക്കൽ എന്നിവയും കരടിന്റെ ഭാഗമാണ്. കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 30വരെ [email protected] ഇ–-മെയിൽ വഴിയോ, തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.









0 comments