തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും സ്‌മാർട്ട് ലോക്കർ

തിരുവനന്തപുരം
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും സ്‌മാർട്ട് ലഗേജ് ലോക്കർ സൗകര്യം. ഒന്നാംപ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് കൗണ്ടറിലേക്കുള്ള വഴിയോട് ചേർന്നാണ് 19 അറയുള്ള ലോക്കർ. യാത്രക്കാർക്ക് സ്റ്റോർ ബട്ടൺ അമർത്തി സ്വയം പ്രവർത്തിപ്പിക്കാം. തുടർന്ന് ഫോൺ നമ്പർ, പേര്, ഇ–- മെയിൽ എന്നിവ നൽകുക. ഫോണിലേക്ക് ഒടിപി വരും. അത് നൽകിയശേഷം ബോക്‌സും എത്ര സമയം സൂക്ഷിക്കണമെന്നതും രേഖപ്പെടുത്തുക. പിന്നീട് ലഗേജ് ബോക്‌സിൽ കൊടുത്ത ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് പണമടയ്ക്കണം. അതോടെ ബോക്‌സ് തുറക്കും. സാധനങ്ങൾ ഉള്ളിൽവച്ച് ബോക്‌സ് അടയ്ക്കാം. തിരിച്ചെടുക്കാൻ പിക് അപ് ബട്ടണിൽ അമർത്തണം. തുടർന്ന് ഫോൺനമ്പർ കൊടുത്താൽ ഒടിപി ലഭിക്കും. അത് നൽകി ബോക്‌സ് തെരഞ്ഞെടുക്കണം. ബോക്‌സ് തുറക്കും. 6 മണിക്കൂറാണ് കുറഞ്ഞസമയം. ഇടത്തരം ബോക്‌സ്, വലിയ ബോക്‌സ്, വളരെ വലിയ ബോക്‌സ് എന്നിങ്ങനെ 3 തരമാണുള്ളത്. 40, 80, 150 രൂപ എന്നിങ്ങനെയാണ് നിരക്ക്. കേരളത്തിൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ സ്‌മാർട്ട് ലോക്കറാണിത്. ആദ്യത്തേത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ്. സ്വകാര്യകമ്പനിയുമായി സഹകരിച്ചാണിത്. ആസിഡ്, തോക്ക്, കത്തി, സ്‌ഫോടകവസ്‌തു, തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ, രാസവസ്‌തുക്കൾ, ചെടികൾ എന്നിവ വയ്ക്കാനാകില്ല.









0 comments