സ്മാർട്ട് സിറ്റി പദ്ധതി: ആൽത്തറ–ചെന്തിട്ട റോഡ്: ടാറിങ് അവസാനഘട്ടത്തിൽ

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വെള്ളയമ്പലം ആൽത്തറമുതൽ ചെന്തിട്ടവരെയുള്ള സി വി രാമൻപിള്ള റോഡിന്റെ ടാറിങ് അവസാനഘട്ടത്തിൽ. ചൊവ്വാഴ്ച വഴുതക്കാട് വനിതാ കോളേജ്–മേട്ടുക്കട റോഡിൽ ടാറിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം വഴുതക്കാട് ജങ്ഷനിൽ ടാറിങ് ആരംഭിച്ചിരുന്നു. പ്രവൃത്തികൾ അതിവേഗമാണ് പുരോഗമിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായി ഗതാഗതയോഗ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇരുവശവും കൈവരിയോടുകൂടിയ നടപ്പാത, കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന പ്രത്യേക തറയോടുകൾ, വഴിവിളക്കുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. 77 കോടി രൂപയാണ് പാതയുടെ നിർമാണച്ചെലവ്.
സി വി രാമൻപിള്ള റോഡ് ഉൾപ്പെടെ നഗരത്തിലെ 11 സ്മാർട്ട് റോഡുകളിലും 28 നഗരറോഡുകളിലും കാഴ്‌ച പരിമിതർക്കായി ടാക്ടൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറമുതൽ തൈക്കാട് ഗസ്റ്റ് ഹൗസുവരെ നടപ്പാതയോടുചേർന്ന് സൈക്കിൾ ട്രാക്കുമുണ്ടാകും. ടാറിങ്ങിന്റെ ഭാഗമായി വനിതാ കോളേജ് ജങ്‌ഷൻമുതൽ ഗവ. ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിൽ ഭാഗികമായ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
കോളേജ് ജങ്‌ഷൻമുതൽ തെെക്കാട് ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ടാറിങ് നടക്കുന്ന ട്രാക്കിന് എതിർവശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തി വിടും. ടാറിങ് നടക്കുന്ന സമയത്ത് ബേക്കറി ജങ്‌ഷനിൽനിന്ന് വനിതാ കോളേജ് ജങ്‌ഷൻ ഭാഗത്തേക്കും ഗതാഗതം അനുവദിക്കില്ല.









0 comments