ശിവഗിരിമുതൽ പാറശാലവരെ
പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര ഇന്നു തുടങ്ങും

തിരുവനന്തപുരം
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ‘എല്ലാവരും സഹോദരർ’ ആശയമുയർത്തി ശിവഗിരിമുതൽ പാറശാലവരെ സംഘടിപ്പിക്കുന്ന സാംസ്കാരികയാത്രയ്ക്ക് വെള്ളിയാഴ്‌ച തുടക്കമാകും. വൈകിട്ട് 5ന് ശിവഗിരിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ മുഖ്യ സന്ദേശം നൽകും. നടി കുക്കു പരമേശ്വരൻ മുഖ്യാതിഥിയാകും. വി ജോയി എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മോഹനൻ സുവനീർ പ്രകാശിപ്പിക്കും. ജില്ലാ സെക്രട്ടറി എസ് രാഹുൽ ക്യാപ്‌റ്റനും സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു മാനേജരുമായാണ് യാത്ര. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, ആറ്റിങ്ങൽ കലാപ സ്മാരകം, കിളിമാനൂർ രാജാരവിവർമ സാംസ്കാരികകേന്ദ്രം, കല്ലറ പാങ്ങോട് സ്മാരകം, നെടുമങ്ങാട് ചന്ത സമരകേന്ദ്രം, വിതുര വിനോബാനികേതൻ, ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക സ്കൂൾ, മലയിൻകീഴ് മാധവകവി സ്മാരകം, കോരണംകോട് സമരകേന്ദ്രം, പാറശാല പൊയ്കയിൽ കുമാര ഗുരുദേവൻ സ്മാരകം, നെയ്യാറ്റിൻകര സ്വദേശാഭിമാനി ജന്മഗൃഹം, മുക്കോല അയ്യൻകാളി സ്മൃതിമണ്ഡപം, നേമം മെരിലാൻഡ് സ്റ്റുഡിയോ, പേരൂർക്കട മനോന്മണിയം സുന്ദരൻപിള്ള സ്മൃതികേന്ദ്രം, ചട്ടമ്പിസ്വാമി ശ്രീകണ്ഠേശ്വര പദ്മനാഭപിള്ള സ്മൃതി കേന്ദ്രം, സഹോദരൻ അയ്യപ്പൻ പഠിപ്പിച്ച ചാല സ്കൂൾ, തൈക്കാട് അയ്യാഗുരു സ്മാരകം എന്നിവിടങ്ങളിൽ പര്യടനം നടത്തി 13ന് വൈകിട്ട് 5ന് പാളയം യൂണിവേഴ്സിറ്റി കോളേജിൽ സമാപിക്കും. മന്ത്രി വി ശിവൻകുട്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. നടി മല്ലിക സുകുമാരൻ മുഖ്യാതിഥിയാകും. യാത്രയുടെ ഭാഗമായി പുസ്‌തകോത്സവങ്ങൾ, ഫുഡ് ഫെസ്റ്റ്, കലാകാരന്മാരെ ആദരിക്കൽ, കലാസാഹിത്യ മത്സരങ്ങൾ എന്നിവയും നടക്കും.









0 comments