Deshabhimani

അനധികൃത നായവളർത്തുകേന്ദ്രം

മഹാദുരിതംപേറി കുറ്റിച്ചലിലെ ജനം

People of Kuttichal

കോട്ടൂർ കരണ്ടകംചിറയിലെ അനധികൃത തെരുവുനായ ഷെൽട്ടർ

avatar
സ്വന്തം ലേഖകൻ

Published on Oct 18, 2026, 12:41 AM | 1 min read

കാട്ടാക്കട

കുറ്റിച്ചൽ കോട്ടൂർ കരണ്ടകംചിറയിൽ വെള്ളറട സ്വദേശി സി നിപു അനധികൃതമായി പ്രവർത്തിപ്പിക്കുന്ന തെരുവുനായ വളർത്തുകേന്ദ്രം ജനങ്ങൾക്ക്‌ സമ്മാനിക്കുന്ന ദുരിതം ചെറുതല്ല. നഗരത്തിൽനിന്നും പണം നൽകുന്ന മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും പിടികൂടുന്ന നായകളെയാണ് ലോറികളിൽ രാത്രി ഇവിടെ എത്തിക്കുന്നത്. ഇവിടെനിന്ന്‌ പുലർച്ചെ പല പ്രദേശങ്ങളിലും ഉപേക്ഷിക്കാനായും കൊണ്ടുപോകും. നിലവിൽ മൂന്ന് ഷെഡുകളിലായി 300 നായകളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 50 വിദേശയിനം നായകളുടെ ബ്രീഡിങ് സെന്റർ ആരംഭിക്കുന്നതിനാണ് നിപു കുറ്റിച്ചൽ പഞ്ചായത്തിൽനിന്ന്‌ ലൈസൻസ് നേടിയത്. ഈ ലൈസൻസിന്റെ മറവിൽ മറ്റു വ്യാജ രേഖകൾകൂടി ചമച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എൻജിഒകളുടെയും തെരുവുനായ സംരക്ഷണത്തിനുള്ള കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണിതിനു പിന്നിൽ. ​സംരക്ഷിത വനമേഖലയോട് ചേർന്നാണ് ഈ ഷെൽട്ടർ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള വന്യജീവികളുടെ ജീവനും നായകൾ പുറത്തെത്തിയാൽ ഭീഷണിയാണ്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറടക്കമുള്ള സംഘം കേന്ദ്രം പരിശോധിച്ച്‌ ഉടമയ്‌ക്ക്‌ നോട്ടീസ് നൽകി. എന്നാൽ സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി ജനരോഷം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കുറ്റിച്ചൽ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി. ഈ നോട്ടീസിന് കോടതിയിൽനിന്ന് സ്റ്റേ ലഭിക്കാൻ ഉടമയ്ക്ക് അവസരം ഒരുക്കുകയാണ് പഞ്ചായത്ത്. അനധികൃത നായവളർത്തുകേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന്‌ സിപിഐ എം കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി ജി മണികണ്ഠൻ ആവശ്യപ്പെട്ടു.


സിപിഐ എം നേതാക്കൾ 
സന്ദർശിച്ചു

കാട്ടാക്കട

തെരുവുനായവളർത്തൽ കേന്ദ്രം സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐ സാജു, ഏരിയ സെക്രട്ടറി കെ ഗിരി, എം അഭിലാഷ്, സി എസ് സുഗതകുമാർ, കോട്ടൂർ സലിം, ലോക്കൽ സെക്രട്ടറി ജി മണികണ്ഠൻ, പികെഎസ് കാട്ടാക്കട ഏരിയ സെക്രട്ടറി ആർ സുദർശനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ജനജീവിതത്തിന് ഭീഷണിയായ ഈ ഷെൽട്ടറിലെ നായകളെ ഇവിടെനിന്ന് മാറ്റണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home