സിബിഎൽ വള്ളംകളി
പിറവത്ത് മേൽപ്പാടൻ ചുണ്ടന് വിജയകിരീടം

പിറവം
മൂവാറ്റുപുഴയാറിന്റെ ഒഴുക്കിനെ മെയ്ക്കരുത്തും മനക്കരുത്തും കൊണ്ട് കീഴടക്കിയ സിബിഎൽ പിറവം വള്ളംകളിയിൽ മേൽപ്പാടൻ ചുണ്ടന് വിജയകിരീടം. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് മേൽപ്പാടൻ ചുണ്ടൻ തുഴഞ്ഞത്. ആറ് മില്ലീസെക്കൻഡ് വ്യത്യാസത്തിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ രണ്ടാമതെത്തി. യുബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനാണ് മൂന്നാം സ്ഥാനം.
ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗരുഡൻ ഒന്നാമതെത്തി. പിറവം കിങ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും പിറവം ടൗൺ ബോട്ട് ക്ലബ്ബിന്റെ പോഞ്ഞനത്തമ്മ മൂന്നാം സ്ഥാനവും നേടി. ഒമ്പത് ചുണ്ടൻവള്ളങ്ങളും പ്രാദേശിക വള്ളംകളിയുടെ ഭാഗമായുള്ള എട്ട് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുമാണ് മാറ്റുരച്ചത്.
മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.മാസ് ട്രില്ലിൽ സല്യൂട്ട് സ്വീകരിച്ച് നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ അധ്യക്ഷനായി. നടൻ ജാഫർ ഇടുക്കി, ഫ്രാൻസിസ് ജോർജ് എം പി എന്നിവർ മുഖ്യാതിഥിയായി. എം ജെ ജേക്കബ്, നെവിൻ ജോർജ്, പി ബി രതീഷ്, കെ പി സലിം, അന്നമ്മ ഡോമി, ഏലിയാമ്മ ഫിലിപ്പ്, ജെയ്സൻ പുളിക്കൽ, റെജി ജോൺ, അസിസ്റ്റന്റ് കലക്ടർ ഹൃത്വിക് രഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.
മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസ്, കെ കരുണാകരൻ, മുൻ മന്ത്രി ടി എം ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള എവർറോളിങ് ട്രോഫി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിജയികൾക്ക് നൽകി.









0 comments