print edition സിംഗപ്പുർ പ്രസിഡന്റ് പറഞ്ഞു; ഞാൻ മരിക്കുമ്പോൾ ഇൗ പാട്ടുവയ്ക്കണം

ദേവയും സിംഗപ്പുർ രാഷ്ട്രപതി എസ് ആർ നാഥനും

വി എസ് വിഷ്ണുപ്രസാദ്
Published on Oct 18, 2026, 01:45 AM | 1 min read
തിരുവനന്തപുരം : സിംഗപ്പുരിന്റെ ആറാമത്തെ രാഷ്ട്രപതിയായിരുന്ന സെല്ലപ്പൻ രാമനാഥൻ എന്ന എസ് ആർ നാഥന് ഒരു ആഗ്രഹമുണ്ടായിരുന്നു. തന്റെ മൃതദേഹം സംസ്കരിക്കുന്നതിനുമുന്പ് ഒരു പാട്ട് വയ്ക്കണം. അതൊരു തമിഴ് പാട്ടായിരുന്നു. ‘തഞ്ചാവൂര് മണ്ണ് എടുത്ത്, താമരഭരണി തണ്ണിയെവിട്ട്, സേർത്ത് സേർത്ത് സെഞ്ചത് ഇന്ത ബൊമ്മ’ എന്ന പാട്ടായിരുന്നു അത്.
തങ്ങളുടെ രാഷ്ട്രപതിയുടെ ആഗ്രഹംപോലെ സിംഗപ്പുർ സർക്കാർ എസ് ആർ നാഥന്റെ മൃതദേഹം സംസ്കരിക്കുന്നതിനുമുന്പുള്ള ഒൗദ്യോഗിക ചടങ്ങിൽ ആ പാട്ട് കേൾപ്പിച്ചു. ചേരൻ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ പൊർക്കാലം എന്ന സിനിമയിൽ ദേവ സംഗീതം പകർന്ന ഗാനമായിരുന്നു അത്. മുരളിയും മീനയുമായിരുന്നു നായകനും നായികയും.
ഒരു പ്രണയഗാനമായിരുന്നെങ്കിലും സിംഗപ്പുർ എന്ന രാജ്യത്തിന്റെ രൂപീകരണത്തിൽ എങ്ങനെയാണ് വിവിധ സംസ്കാരങ്ങൾ ഒത്തുചേരുന്നതെന്ന് ഇൗ പാട്ട് പഠിപ്പിക്കുന്നുണ്ട് എന്നാണ് എസ് ആർ നാഥൻ തന്റെ ജനതയോടു പറഞ്ഞിരുന്നതത്രേ.
1999 മുതൽ 2011 വരെ സിംഗപ്പുരിന്റെ പ്രസിഡന്റായിരുന്നു എസ് ആർ നാഥൻ. 2016 ആഗസ്തിൽ 92–ാമത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. സിംഗപ്പുർ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ രജനീകാന്തിനെ സൂപ്പർതാരമാക്കിയ ‘ബാഷ’ യുടെ സംഗീതസംവിധായകനും ദേവയായിരുന്നു.









0 comments