print edition പുന്നപ്ര–വയലാർ സമരത്തിന്റെ 80–ാം വാർഷികം; വലിയ ചുടുകാട്ടിൽ വാരാചരണം 20ന് ആരംഭിക്കും

ആലപ്പുഴ : പുന്നപ്ര– വയലാർ സമരത്തിന്റെ 80-–ാം വാർഷിക വാരാചരണ പരിപാടികൾ 20 മുതൽ 27 വരെ ആചരിക്കുമെന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ, സെക്രട്ടറി ആർ സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വലിയ ചുടുകാട്ടിൽ വാരാചരണ പരിപാടികൾ 20 മുതൽ 23വരെ നടക്കും. അന്തരിച്ച സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ ചരമവാർഷികദിനമായ 20ന് പതാകദിനമായി ആചരിക്കും.
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാകകൾ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽനിന്നും ആലപ്പുഴ ബീച്ച് വാർഡിൽ രക്തസാക്ഷി കാക്കിരിയിൽ കരുണാകരന്റെ വസതിയിൽനിന്നും എത്തിക്കും. തുടർന്ന് ചുടുകാട്ടിൽ വിപ്ലവഗായിക പി കെ മേദിനി രക്തപതാക ഉയർത്തും.
സി എച്ച് അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. സിപിഐ നാഷണൽ കൗൺസിൽ അംഗം പി പ്രസാദ് എംഎൽഎ അനുസ്മരിക്കും. 23ന് വൈകിട്ട് അനുസ്മരണ റാലി തിരുവമ്പാടി ജങ്ഷനിൽനിന്ന് ആരംഭിക്കും. തുടർന്ന് വലിയ ചുടുകാട്ടിൽ ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും.
21 മുതൽ 26 വരെ അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി 15 കേന്ദ്രങ്ങളിൽ അനുസ്മരണ റാലികളും സമ്മേളനങ്ങളും നടക്കും. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും സംസ്ഥാന – ജില്ലാ നേതാക്കൾ യോഗങ്ങളിൽ സംസാരിക്കും. 27ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ വലിയ ചുടുകാട്ടിൽനിന്ന് അന്ന് രാവിലെ 7.30ന് പ്രയാണം ആരംഭിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഗ്നിപകർന്ന് അത്ലീറ്റുകൾക്ക് കൈമാറും.
പതിമൂന്നാംവയസിൽ രക്തസാക്ഷിത്വം വരിച്ച അനഘാശയന്റെ അനുസ്മരണാർഥം 21ന് ഉച്ചയ്ക്ക് വലിയചുടുകാട്ടിൽ കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് അടിയന്തരാവസ്ഥയുടെ രക്തസാക്ഷി സ്നേഹ റെഡ്ഡിയുടെ സമരജീവിതത്തിന്റെ നാടകാവിഷ്കാരം ‘മിസ' നാടകം കോഴിക്കോട് ചിലങ്ക ഫ്ളോട്ടിങ് തീയറ്റർ അവതരിപ്പിക്കും.









0 comments