Deshabhimani

print edition സൂപ്പർ ലീഗ് കേരള; മലപ്പുറത്തിന്‌ 
നാല്‌ ഗോൾ ജയം

SLK

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്സിയുടെ മുഹമ്മദ് മഹ്ദിയുടെ ആഹ്ലാദം

avatar
ആർ ഹനീഷ്‌കുമാർ

Published on Oct 18, 2026, 01:34 AM | 1 min read

മഞ്ചേരി : പന്ത്രണ്ട്‌ മിനിറ്റിൽ മൂന്നെണ്ണമടക്കം നാല്‌ ഗോളടിച്ച്‌ മലപ്പുറം എഫ്‌സിയുടെ തകർപ്പൻ പ്രകടനം. സ്വന്തം തട്ടകത്തിൽ തൃശൂർ മാജിക്‌ എഫ്‌സിയെയാണ്‌ തകർത്തുവിട്ടത്‌. പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതിരുന്ന ആതിഥേയർ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ അഞ്ച്‌ പോയിന്റുമായി നാലാമതെത്തി. തൃശൂരിന്‌ ഒരുപോയിന്റാണുളള്ളത്‌.


അണ്ടർ 20 താരം സി കെ റാഷിദ് (65–ാം മിനിറ്റ്‌, 75) ഇരട്ട ഗോളടിച്ചു. മുഹമ്മദ് മഹ്ദിയും (76), അമാഡൗ സൗകൗനയും (90+6) പട്ടിക പൂർത്തിയാക്കി. ഇടവേളവരെ ഗോളുണ്ടായില്ല. 48–ാം മിനിറ്റിൽ മലപ്പുറത്തിന്റെ പ്രതിരോധതാരം അബ്ദുൽ സമദ് ചുവപ്പ്‌കാർഡ്‌ കണ്ട്‌ പുറത്തായി.

ആദ്യ ഗോളിന്‌ 65 മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു.


എൽഫോർസി എടുത്ത കോർണർ കിക്ക്‌ ബോക്‌സിലേക്കെത്തി. തൃശൂർ പ്രതിരോധക്കാർക്ക്‌ പന്ത്‌ അടിച്ചകറ്റാനായില്ല. സി കെ റാഷിദ്‌ അവസരം മുതലാക്കി. ഗോളി കമാലുദ്ദീന്റെ ദേഹത്ത് തട്ടി പന്ത്‌ വലയിലേക്ക്. 10 മിനിറ്റിൽ വീണ്ടും റാഷിദ് മാജിക്‌. അതിനും വഴിയൊരുക്കിയത് എൽഫോർസി. വലതു മൂലയിലൂടെ ഒറ്റയ്‌ക്ക്‌ കയറിവന്ന എൽഫോർസി ബോക്‌സിനുള്ളിലേക്ക്‌ പന്ത്‌ കൈമാറി. ഓടിക്കയറിയ റാഷിദ്‌ ലക്ഷ്യംകണ്ടു.


പയ്യനാട്‌ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനേഴായിരത്തോളം കാണികളെ ആവേശത്തിലാഴ്‌ത്തിയ മലപ്പുറം അടുത്ത മിനിറ്റിലും വല കുലുക്കി. ബിലാൽ നൽകിയ പന്ത് മുഹമ്മദ് മഹ്ദി ഉഗ്രനൊരു ഷോട്ടിലൂടെ അടിച്ചുകയറ്റി. പരിക്കുസമയത്ത്‌ ഡൗമസ് പട്ടിക പൂർത്തിയാക്കി. 26ന്‌ മലപ്പുറം കണ്ണൂർ വാരിയേഴ്‌സുമായി കളിക്കും. ഇന്ന്‌ കണ്ണൂർ വാരിയേഴ്‌സ്‌ കാലിക്കറ്റ്‌ എഫ്‌സിയെ നേരിടും. കണ്ണൂർ ജവാഹർ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home