മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട വള്ളം
ചിറയിൻകീഴ്
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. പെരുമാതുറ ഒറ്റപ്പന സ്വദേശി സഫീറിനാണ് (25) പരിക്കേറ്റത്. വയറിന് പരിക്കേറ്റ ഇയാളെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി രാവിലെ 6.30 ഓടെയാണ് അപകടം. മീൻ പിടിക്കാൻ പോകവേ അഴിമുഖ കവാടത്തിൽ ശക്തമായ തിരയിൽപ്പെട്ട സഫീറിന്റെ മൈ ഹാർട്ട് എന്ന വള്ളം തലകീഴായി മറിയുകയായിരുന്നു. ഒറ്റപ്പന തെരുവിൽ തൈവിളാകംവീട്ടിൽ റിയാസും ഒപ്പമുണ്ടായിരുന്നു. ഇയാൾക്ക് പരിക്കില്ല. തിരയടിച്ച് പുലിമുട്ടിൽ കുടുങ്ങി കിടന്ന വള്ളത്തെ മറ്റൊരു വള്ളം ഉപയോഗിച്ച് ഹാർബറിലെത്തിച്ചു. വള്ളത്തിന് സാരമായ കേടുപാടുകളുണ്ട്. അഴിമുഖത്ത് മണൽമൂടി അടഞ്ഞതോടെ ഏറെനാളായി മീൻപിടിത്തം തടസ്സപ്പെട്ടിരുന്നു. ശക്തമായ മഴയിൽ മണൽത്തിട്ടയുടെ മുകളിലെ കുറേഭാഗം ഒലിച്ചുപോയതോടെയാണ് ചെറുവള്ളങ്ങളിലൂടെയുള്ള മീൻപിടിത്തം പുനരാരംഭിച്ചത്. ചാനലിൽ വേണ്ടത്ര ആഴം ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
0 comments