Deshabhimani

നഗരമധ്യത്തിൽ മിയാവാക്കി; പ്രകൃതി 
സംരക്ഷണത്തിന്‌ എൻജിഒ യൂണിയനും

മിയാവാക്കി പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 20, 2025, 12:03 AM | 1 min read

തിരുവനന്തപുരം

നഗരമധ്യത്തിൽ ചെറുവനം ഒരുക്കാൻ എൻജിഒ യൂണിയൻ. സംസ്ഥാനത്തെ നഗരകേന്ദ്രങ്ങളിൽ ഹരിതവൽക്കരണം സാധ്യമാക്കുന്നതിനും പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പൊതുഇടങ്ങളിൽ മിയാവാക്കി വനം നിർമിക്കാനുള്ള സർക്കാർ തീരുമാനം ഏറ്റെടുത്ത് എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല മിയാവാക്കി വന നിർമാണത്തിന് തുടക്കമിട്ടു. ശ്രീ ചിത്തിര തിരുനാൾ പാർക്കിലാണ് തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ എൻജിഒ യൂണിയൻ മിയാവാക്കി വനം യാഥാർഥ്യമാക്കുക. വനമൊരുക്കലിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പരിസ്ഥിതി ദിനംമുതൽ മിയാവാക്കി വനമൊരുക്കലിന്റെ പ്രവർത്തനങ്ങൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. പാർക്ക് ശുചീകരിച്ച്‌ മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാലടി താഴ്ചയിൽ മണ്ണിളക്കിയശേഷം 12 ഇനം വളങ്ങളുടെ മിശ്രിതം 150 ചാക്ക് നിക്ഷേപിച്ച ശേഷമാണ് തൈകൾ നട്ടത്. അതിവേഗം വളരുന്ന പ്ലാവ്, മാവ് എന്നിവ ഉൾപ്പെടെ 89 ഇനത്തിൽപ്പെട്ട 150 ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും മിയാവാക്കിയിലുണ്ട്. അത്തി, ഇത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, ചേര്, താന്നി, മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, വലംപിരി, കാപ്പി, അശോകം, ഞാവൽ, മന്ദാരം, സീതപ്പഴം, മഹാഗണി, വീട്ടി, വേങ്ങ, മകിഴം, കിരിയാത്ത്, കൃഷ്ണക്രാന്തി, കയ്യോന്നി, കരിയിലാഞ്ചി, സർപ്പഗന്ധി എന്നിങ്ങനെ പോകുന്നു മിയാവാക്കിയിലെ വൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പട്ടിക. ഇതൊരു കുഞ്ഞൻ വനമായി മാറാൻ മൂന്നുവർഷം വേണ്ടിവരും. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ, ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അർച്ചന ആർ പ്രസാദ്, ജില്ലാ ട്രഷറർ പി എസ് അശോക് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home