കനത്ത ചൂട്
ജില്ലയിൽ പാലുൽപ്പാദനത്തിൽ 20,000 ലിറ്ററിന്റെ കുറവ്

ബിമൽ പേരയം
Published on Apr 24, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ചൂട് കൂടിയതോടെ ജില്ലയിൽ പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞു. മൂന്നാഴ്‌ചയ്ക്കിടെ 20,000 ലിറ്ററിന്റെ കുറവുണ്ടായി. ഏപ്രിൽ ആദ്യവാരം 1.45 ലക്ഷം ലിറ്റർ പാലാണ് ഉൽപ്പാദിപ്പിച്ചത്. വരുംദിവസങ്ങളിൽ ചൂട് ഉയരാനിടയുള്ളതിനാൽ ഉൽപ്പാദനം ഇനിയും കുറഞ്ഞേക്കുമെന്നാണ് മിൽമയുടെ വിലയിരുത്തൽ. പ്രതിസന്ധി ഒഴിവാക്കാനുള്ള മാർഗം ആലോചിക്കുന്നുണ്ട്. കനത്ത ചൂടിൽ പുല്ലുകൾ കരിഞ്ഞുണങ്ങി. പച്ചപ്പുല്ല് കിട്ടാനില്ല. സ്വകാര്യഭൂമിയിലും വനപ്രദേശങ്ങളിലും പശുക്കളെ മേയ്ക്കാൻ പഴയതുപോലെ കഴിയുന്നില്ല. തീറ്റയുടെ വില ഉയർന്നു. 50 കിലോ തീറ്റയുടെ വില 2000ത്തോടടുത്തു. 2019ലെ സെൻസസ് ജില്ലയിൽ 98,800 പശുക്കളും എരുമകളുമടക്കം ഒരുലക്ഷത്തോളം കന്നുകാലികളുണ്ടെന്ന് കണക്കാക്കിയിരുന്നു. പശുക്കളുടെ എണ്ണത്തിൽ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്. പരിപാലനച്ചെലവ് കൂടിയതും പാലുൽപ്പാദനം കുറഞ്ഞതുമെല്ലാം കാരണമാണ്. ഉൽപ്പാദനക്കുറവ് ചെറുകിട ക്ഷീരകർഷകരെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഉയർന്ന താപനില കന്നുകാലികളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. കൂടുതലായുള്ള എച്ച്‌എഫ് പശുക്കൾക്ക് കനത്ത ചൂടിനെ നേരിടാനാകില്ല. 10 ശതമാനത്തിൽ താഴെയാണ് നാടൻപശുക്കൾ. പുല്ല് കിട്ടാതായതോടെ പകരം നൽകുന്ന ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റ ദഹനക്കേടിനും പാലുൽപ്പാദനം കുറയാനും കാരണമാകും. വരൾച്ചാ ദുരിതാശ്വാസമായി കർഷകർക്ക് ഇൻസെന്റീവ് അനുവദിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ ആവശ്യപ്പെട്ടു.
സൂര്യാതപ സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിലോ വയലുകളിലോ കെട്ടരുത്. തൊഴുത്തിൽ ഫോഗർ, ഫാൻ എന്നിവ ഉപയോഗിക്കാം. ശുദ്ധമായ കുടിവെള്ളം നൽകണം. തൊഴുത്തിൽ കാറ്റ് വരുന്ന ഭാഗത്ത് നനഞ്ഞ ചണച്ചാക്ക് തൂക്കിയിടാം. മേൽക്കൂരയിൽ ചാക്ക്, ഓല, പുല്ല് എന്നിവ ഇടാം. കാലിത്തീറ്റയും പിണ്ണാക്കും രാവിലെയും വൈകിട്ടും നൽകണം. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളൽ, പതയോടെയുള്ള ഉമിനീരൊലിപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസതടസ്സം, വിറയൽ, അപസ്മാരം പോലുള്ളവ സൂര്യാഘാതലക്ഷണമാണ്. വേഗത്തിൽ വെറ്ററിനറി സഹായം തേടണം.










0 comments