കർഷക പ്രക്ഷോഭത്തിൽ ഇളകി മുംബൈ; ആസാദ് മൈതാനത്ത് കിസാൻ സഭയുടെ ബഹുജന റാലി ഇന്ന്

മുംബൈ: ആസാദ് മൈതാനത്ത് ഇന്ന് അഖിലേന്ത്യാ കിസാൻ സഭ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന ബഹുജന റാലി നടക്കും. റാലിയിൽ, പ്രാദേശികമായി കർഷകർ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം, ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന വൻ പ്രക്ഷോഭങ്ങൾക്ക് റാലി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കും.
വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേരെ ബിജെപി സർക്കാർ അഴിച്ചുവിടുന്ന ക്രൂരമായ അടിച്ചമർത്തലുകളെ റാലിയിൽ ശക്തമായി അപലപിക്കും. കൂടാതെ, ദേശീയ തലത്തിൽ എഐകെഎസ് - സംയുക്ത കിസാൻ മോർച്ച നൽകിയ ആഹ്വാനത്തിന്റെ ഭാഗമായി, രാജ്യത്തിന് ദോഷകരവും അസമത്വപൂർണ്ണവുമായ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടുന്നതിനെതിരെയും റാലിയിൽ പ്രതിഷേധമുയരും.
മഹാരാഷ്ട്ര സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളൽ പാക്കേജിലെ അപാകതകൾ പരിഹരിക്കുക, ക്ഷേത്ര ട്രസ്റ്റ് ഭൂമി, വീട്ടുപറമ്പുകൾ, പുൽമേടുകൾ എന്നിവയിൽ കർഷകർക്ക് ഭൂവുടമസ്ഥാവകാശം ഉറപ്പാക്കുക, വിള ഇൻഷുറൻസ് നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയവയാണ് റാലിയിൽ ഉയർത്തുന്ന പ്രധാന പ്രാദേശിക ആവശ്യങ്ങൾ.
എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, മുൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ ജെ പി ഗാവിത്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിത് നവാലെ, സംസ്ഥാന പ്രസിഡന്റ് ഉമേഷ് ദേശ്മുഖ്, സിഐടിയു സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ വിനോദ് നിക്കോലെ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് റാലിക്ക് നേതൃത്വം നൽകുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനും 'പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ' സ്ഥാപക എഡിറ്ററുമായ പി സായ്‌നാഥ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി എഐകെഎസ് പ്രതിനിധി സംഘം മന്ത്രാലയത്തിൽ എത്തി സംസ്ഥാന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഉമേഷ് ദേശ്മുഖ്, ജനറൽ സെക്രട്ടറി ഡോ. അജിത് നവാലെ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.










0 comments