ലൈഫ് പദ്ധതിക്ക് ഭൂമിനല്‍കി പ്രവാസി നസിറുദ്ദീന്റെ കരുതലിൽ 4 കുടുംബത്തിന് വീട്

കിളിമാനൂർ
കിടപ്പാടമില്ലാത്ത നാലുപേർക്ക് തണലൊരുക്കി നസിറുദ്ദീന്റെ കരുതൽ. ലൈഫ് ഭവന പദ്ധതിയിലെ നാല് കുടുംബത്തിനാണ് മുൻ പ്രവാസി പോങ്ങനാട് സബീൽ ഹൗസിൽ തട്ടാക്കുന്നിൽ ഇ നസിറുദ്ദീൻ സ്വന്തം ഭൂമി വിട്ടുനൽകിയത്. കിളിമാനൂർ വില്ലേജിൽ ബ്ലോക്ക് 29ൽ റിസർവേ 180/7ലെ 20 സെന്റെ് ഭൂമിയാണ് നൽകിയത്. കിളിമാനൂർ പഞ്ചായത്ത് ജന പ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സഹായത്താലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഗതാഗതത്തിനായി സ്വന്തം ചെലവിൽ മൂന്നു മീറ്റർ വീതിയിൽ റോഡും വിട്ടുനൽകി. കിളിമാനൂർ സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെട്ട കുടുംബാംഗങ്ങൾ ഉള്ളവർ, പട്ടികജാതി വിഭാഗക്കാർ എന്നിവരാണ് ഗുണഭോക്താക്കൾ. പോങ്ങനാട് ചാത്രക്കോണത്ത് വീട്ടിൽ സി വേണു, പോങ്ങനാട് സ്വദേശി വേണു സുബ്രഹ്മണ്യം, പോങ്ങനാട്, (കൃപാ ഹൗസ്) കരവാരത്തുവീട്ടിൽ സജിനാഷാ, തകരപറമ്പ്, റോഡുവിള വീട്ടിൽ മുബീന സജീർ എന്നിവർക്കാണ് അഞ്ച് സെന്റ് ഭൂമിവീതം ലഭ്യമായത്.
0 comments