അമ്മവേഷം അഴിച്ചു; ജയാമ്മ ഇനി ജയകുമാരി

sisukshemasamithi
വെബ് ഡെസ്ക്

Published on May 31, 2025, 03:22 AM | 1 min read

തിരുവനന്തപുരം

"നൂറുകണക്കിന്‌ കുട്ടികളുടെ അമ്മയായിട്ടാണ് ഞാൻ ഇവിടെനിന്ന്‌ പടിയിറങ്ങുന്നത്, ആ ഓർമകൾ മതി ഇനി ശിഷ്‌ട ജീവിതത്തിന്' –- തൈക്കാട്‌ ശിശുക്ഷേമസമിതിയിലെ ആയ ജയകുമാരി, കുട്ടികളുടെ ജയാമ്മയ്ക്ക്‌ പടിയിറങ്ങുമ്പോൾ പറയാനുള്ളത്‌ ഇത്രമാത്രം. 23 വർഷത്തെ സേവനത്തിനുശേഷമാണ്‌ ജയാമ്മ അമ്മവേഷം അഴിക്കുന്നത്‌. 2003ന്റെ അവസാനങ്ങളിൽ വെറും 35 രൂപ ശമ്പളത്തിൽ തുടങ്ങിയ ജയാമ്മയുടെ സേവനമാണ്‌ 23 വർഷത്തിനിപ്പുറം അവസാനിക്കുന്നത്‌. തന്റെ യഥാർഥ അമ്മ ജയയാണെന്ന് വിശ്വസിച്ച് ജീവിച്ച വെങ്കിടി എന്ന ബാലനെ അവരിന്നും നിറകണ്ണുകളോടെ ഓർക്കുന്നുണ്ട്‌. മക്കളില്ലാത്ത തമിഴ് ദമ്പതികൾ വെങ്കിടിയെ ദത്തെടുത്തപ്പോൾ സ്വന്തം മകനെ നഷ്ടപ്പെട്ട നിസഹായതയോടെയും വേദനയോടെയും അവർ അവരെ നോക്കി കരഞ്ഞിരുന്നു. താനില്ലാതെ ഒരു നിമിഷം പോലും തള്ളിനീക്കാത്ത നിറകണ്ണുകളോടെ എപ്പോളും തന്റെ മാറോട് ചേരുന്ന അറിവ് എന്ന കുഞ്ഞും ജയകുമാരിയുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. ആദ്യ കാലത്ത് താൻ പരിചരിച്ച കുട്ടികൾ പിൽക്കാലത്ത് സ്നേഹവാത്സല്യത്തോടെ കാണാൻ വരാറുണ്ടെന്നും കടപ്പാടോടെ അവർ ഓർക്കുന്നു. അനാഥരാക്കപ്പെട്ട അനേകം കുഞ്ഞുങ്ങളെ സ്വന്തമായി കണ്ട്‌ അവർക്ക്‌ ആരോഗ്യപൂർണമായ ജീവിതം നൽകുന്നതിൽ പങ്കാളിയായതിലുള്ള നിറഞ്ഞ ചാരിതാർഥ്യത്തോടെയാണ്‌ മടക്കം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയാണ്. മകനും മരുമകളും കൊച്ചുമക്കളും അടങ്ങിയതാണ് കുടുംബം. തൈക്കാട്‌ സമിതി ആസ്ഥാനത്ത് നടന്ന യാത്രയയപ്പിൽ സെക്രട്ടറി ജി എൽ അരുൺഗോപി, സൂപ്രണ്ട് ഷീജ, ട്രഷറർ ജയപാൽ എന്നിവരും പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home