ഹരിതകേരളം മിഷൻ ജൈവവൈവിധ്യ പഠനോത്സവം: ബ്ലോക്ക് തല ക്വിസ് മത്സരം

1596.4 km of water channels have been restored in the district in four years

ഹരിതകേരളം മിഷൻ

വെബ് ഡെസ്ക്

Published on Apr 23, 2025, 04:52 PM | 1 min read

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം വ്യാഴാഴ്‌ച നടക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഒമ്പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യുഎന്‍ഡിപി പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായാണ് ക്വിസ് മത്സരം.


ബ്ലോക്ക് തലത്തിൽ നിന്നുള്ള വിജയികൾ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കും. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ 29 നാണ് ജില്ലാതല ക്വിസ് മത്സരം. ജില്ലാതലത്തിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് മേയ് 16,17,18 തീയതികളിലായി അടിമാലിയിലും മൂന്നാറിലുമായാണ് പഠനോത്സവ ക്യാമ്പ് നടക്കുന്നത്. 7,8,9 ക്ലാസുകളിലേ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നൽകും.


കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക് - ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠന ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് അവധിക്കാലത്ത് ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് പഠനോത്സവക്യാമ്പ് സംഘടിപ്പിക്കുന്നത്.


കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്ന ഫോൺ നമ്പർ 9496100303, 9539123878





deshabhimani section

Related News

View More
0 comments
Sort by

Home