നവീന ആശയങ്ങളിലുള്ള വ്യത്യസ്ത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവുമായി കൈത്തറി ക്ലസ്റ്ററുകള്‍

handloom exhibition

ദേശീയ കൈത്തറി ദിനാഘോഷത്തിന്‍റെ ഭാഗമായി കൈത്തറി-ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൈത്തറി ക്ലസ്റ്ററുകളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് സന്ദര്‍ശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2025, 05:37 PM | 2 min read

തിരുവനന്തപുരം: നവീന ആശയങ്ങളിലുള്ള വ്യത്യസ്ത കൈത്തറി ഉല്‍പ്പന്നങ്ങളിലൂടെ ശ്രദ്ധേയമായി കൈത്തറി-ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റിന്‍റെ പ്രദര്‍ശനം. ദേശീയ കൈത്തറി ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ഫോര്‍ട്ട് മാന്വര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച കൈത്തറി ക്ലസ്റ്ററുകളുടെ പ്രദര്‍ശനമാണ് പുതുമയും വൈവിധ്യവും കൊണ്ട് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത്. കൈത്തറി മേഖലയിലെ കേരളത്തിന്‍റെ ദീര്‍ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള്‍ എന്നിവ പ്രതിഫലിക്കുന്നതാണ് പ്രദര്‍ശനം. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കൈത്തറി-ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റും ഹാന്‍ഡ് ലൂം മാര്‍ക്കും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.


വിവിധ ജില്ലകളില്‍ നിന്നുള്ള 15 കൈത്തറി ക്ലസ്റ്ററുകളാണ് പ്രദര്‍ശനത്തിലുള്ളത്. പരമ്പരാഗത കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പുതുമോടിയിലാണ് ഓരോ സ്റ്റാളുകളും ഒരുക്കിയിട്ടുള്ളത്. കൈത്തറി സാരിയും മുണ്ടും തന്നെയാണ് പ്രധാന ഇനം. വ്യത്യസ്ത ഡിസൈനുകളിലുള്ള സാരികളാണ് എല്ലാ ക്ലസ്റ്ററുകളിലെയും മുഖ്യ ആകര്‍ഷണം. കസവ് വസ്ത്രങ്ങളും പല വര്‍ണങ്ങളിലുള്ളവയും ഓണപ്പുടവകളും പ്രദര്‍ശനത്തിനുണ്ട്.


തനത് ശൈലിയിലുള്ള കൈത്തറി നെയ്ത്തുരീതി പിന്തുടരുന്നതിനൊപ്പം പുതുമ കൊണ്ടുവരാനുള്ള ശ്രമവും ഓരോ സ്റ്റാളുകളും നിലനിര്‍ത്തുന്നുണ്ട്. സാരികള്‍ക്കും മുണ്ടുകള്‍ക്കുമൊപ്പം പുതിയ തലമുറയെ ആകര്‍ഷിക്കാനുള്ള ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. കുര്‍ത്ത, ലേഡീസ് കുര്‍ത്ത, ഷോര്‍ട്ട് കുര്‍ത്ത, ചുരിദാര്‍ ടോപ്പ്, കുട്ടിയുടുപ്പുകള്‍, കോട്ടുകള്‍ എന്നിവയാണ് ഈയിനത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍. വസ്ത്രങ്ങള്‍ക്ക് പുറമേ കൈത്തറി ബാഗുകള്‍, ഹാന്‍ഡ് ബാഗ് എന്നിവയുമുണ്ട്.


ചിറക്കല്‍, കണ്ണപുരം, മങ്ങാട്ടുപാറ, ഇരിണാവ്, പെരുമ്പ (കണ്ണൂര്‍), പേരാമ്പ (കോഴിക്കോട്), കൊടുമ്പ, മര്‍ലാട് (പാലക്കാട്), കൊട്ടാരക്കര (കൊല്ലം), കോട്ടുകാല്‍, കളമച്ചല്‍, ട്രാവന്‍കൂര്‍ നേമം, മംഗലത്തുകോണം പടിഞ്ഞാറേക്കര, ബാലരാമപുരം വനിതാ ക്ലസ്റ്റര്‍ (തിരുവനന്തപുരം) എന്നീ ക്ലസ്റ്ററുകളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഓരോ ജില്ലകളിലെയും പ്രധാന കൈത്തറി ഗ്രാമങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.


ബാലരാമപുരം കൈത്തറിയുടെ ഭാഗമായ വനിതാ ക്ലസ്റ്റര്‍ സ്ത്രീകള്‍ മാത്രം തൊഴിലെടുക്കുന്ന ക്ലസ്റ്ററാണ്. നൂല്‍നൂല്‍പ്പ് മുതല്‍ ഡിസൈനിംഗും പ്രൊഡക്ഷനും വരെയുളള എല്ലാ ഘട്ടങ്ങളിലും സ്ത്രീകളുടെ കരവിരുതും ആശയങ്ങളും ഇതില്‍ പ്രകടമാകുന്നു. കൈത്തറിയുടെ സംയോജിതവും സമഗ്രവുമായ വികസനവും നെയ്ത്തുകാരുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതിയായ സ്മാള്‍ ക്ലസ്റ്റര്‍ ഡവലപ്മെന്‍റ് പ്രോഗ്രാ (എസ് സിഡിപി) മിന്‍റെ ഭാഗമായി ധനസഹായം ലഭിച്ചിട്ടുള്ളവയാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്ത ക്ലസ്റ്ററുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Home