കൃഷി കണ്ടറിഞ്ഞ് മലയാളം 
പള്ളിക്കൂടത്തിലെ കൂട്ടുകാര്‍

മലയാളം പള്ളിക്കൂടത്തിലെ കൂട്ടുകാര്‍ കര്‍ഷകരെ ആദരിച്ചപ്പോള്‍

മലയാളം പള്ളിക്കൂടത്തിലെ കൂട്ടുകാര്‍ കര്‍ഷകരെ ആദരിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Oct 15, 2025, 12:12 AM | 1 min read

കിളിമാനൂര്‍

മലയാളം പള്ളിക്കൂടത്തിലെ കൂട്ടുകാർ നെൽക്കൃഷിയെക്കുറിച്ചറിയാൻ കരവാരം പഞ്ചായത്തിലെ വലിയ പാടശേഖരമായ പറക്കുളത്ത്‌ എത്തി. കൃഷിയുമായി ബന്ധപ്പെട്ട നൂറ്‌ മലയാള പദങ്ങളുടെ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് അവർ കൃഷി കണ്ടറിയാൻ പാടത്തിറങ്ങിയത്‌. മാതൃഭാഷയും കാർഷികസംസ്കാരവും നാട്ടറിവും കുട്ടികൾക്ക് പകർന്നുനൽകുന്ന മലയാളം പള്ളിക്കൂടം നടത്തിയ പഠന യാത്രയിലാണ് ഈ കർഷക സംഗമം നടന്നത്. തൈയ്ക്കാട് മോഡൽ എച്ച്എസ്എല്‍പിഎസില്‍12 വർഷമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ പാഠ്യപദ്ധതിയിലെ പ്രധാനപ്പെട്ട ഇനമാണ് ‘പാടത്തേക്കൊരു പഠനയാത്ര’. കുട്ടികള്‍ക്ക് തോട്ടക്കാട് വിജ്ഞാനപോഷിണി ഗ്രന്ഥശാല പ്രവർത്തകർ സ്വീകരണം നൽകി. ഒരു കുട്ടി ഒരു പുസ്തകം എന്ന കണക്കിൽ വായനശാലയ്ക്ക് പുസ്തകങ്ങളും സമ്മാനിച്ചു. ബി വരദരാജൻ, കെ ജി ഓമനക്കുട്ടൻ, എസ് ആര്‍ ബാബു, എം ഗോപകുമാര്‍, പ്രഭകുമാര്‍, എം മനാഫ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പറക്കുളത്തെ മെതിക്കളവും വിദ്യാർഥികൾ സന്ദർശിച്ചു. അവിടത്തെ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. അരിവാൾ കൈയിലെടുത്ത് കൊയ്‌ത്തുപാട്ടുപാടി കുട്ടികള്‍ പാടത്തേക്ക് നടന്നു. ചെളിയിലിറങ്ങിയും തോട്ടുവരമ്പിലൂടെ നടന്നും കൊയ്ത്തും മെതിയും കണ്ട കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ ലഭിച്ചു. പറക്കുളം പാടശേഖര സമിതി ഭാരവാഹികളായ അനിൽകുമാർ, മണികണ്ഠൻ, ശ്രീനാഥ്, എം ഗോപകുമാർ, ശുഭ കുമാർ, വി പിഗോപകുമാർ എന്നിവർ നേതൃത്വം നൽകി. സലീം പോളയ്ക്കൽ, അനിൽകുമാർ, പ്രമീള കുമാരി എന്നീ കർഷകരെയും ശശിധരൻ, സുശീലൻ നായർ, സുബൈദാ ബീവി എന്നീ കർഷക തൊഴിലാളികളെയുമാണ് ആദരിച്ചത്. മലയാളം പള്ളിക്കൂടം പ്രഥമാധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരൻ, സെക്രട്ടറി ഡോ. ജെസി നാരായണൻ എന്നിവരോടൊപ്പമാണ് കുട്ടികൾ എത്തിയത്. തോട്ടയ്ക്കാട് പെരിയ മനയിൽ ഒരുക്കിയ നാട്ടു രുചി വൈവിധ്യങ്ങളും നാട്ടറിവുകളുടെ കലവറയും കുട്ടികൾ അനുഭവിച്ചറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home