മാലിന്യസംഭരണശാലയിലെ തീ കാരണം കണ്ടെത്താനായില്ല

fire

ആറ്റിപ്ര സോണൽ ഓഫീസിലെ മാലിന്യസംഭരണകേന്ദ്രം

avatar
സ്വന്തം ലേഖകൻ

Published on Sep 13, 2025, 01:48 AM | 1 min read

കഴക്കൂട്ടം

ആറ്റിപ്ര സോണൽ ഓഫീസിലെ മാലിന്യസംഭരണകേന്ദ്രത്തിലെ (എംസിഎഫ്) തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. വ്യാഴം പുലർച്ചെ 3.30നാണ് മാലിന്യസംഭരണശാലയിലെ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ ആളിക്കത്തി. അന്തരീക്ഷത്തിൽ ഉയർന്ന പുക കാരണം സമീപത്ത് താമസിക്കുന്ന പലർക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. ആറ്റിപ്ര മാർക്കറ്റിനുസമീപത്തുള്ള സംഭരണശാലയിൽ നിറയെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഉണ്ടായിരുന്നു. അഗ്നി രക്ഷാസേന എത്തുമ്പോൾ സംഭരണശാലയ്ക്കുസമീപമുള്ള വിറകുകളിലും തീ പടർന്നിരുന്നു. ആവശ്യത്തിനുള്ള വൈദ്യുതിവിളക്കുകൾ ഇല്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കഴക്കൂട്ടത്തുനിന്നും ചാക്കയിൽനിന്നും എത്തിയ ഫയർ യൂണിറ്റുകൾ മണിക്കൂറുകളോളം വെള്ളം അടിച്ചാണ്‌ തീ അണച്ചത്. സമീപത്തെ വീടുകളിൽ തീ പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് ആദ്യം സ്വീകരിച്ചത്. നഗരസഭാ ശുചീകരണത്തൊഴിലാളികൾ എത്തി സെന്ററിലെ പ്ലാസ്റ്റിക് മാലിന്യം മാറ്റി കഴുകി വൃത്തിയാക്കിയിട്ടുണ്ട്. തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home