മുഖ്യമന്ത്രിയെ തടഞ്ഞ കേസ്
ചേന്തി അനിലിനെ കസ്‌റ്റഡിയിൽ വിട്ടു

തിരുവനന്തപുരം
മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കേസിൽ റിമാൻഡിലുള്ള കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ കോടതി ഒരു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് പൊലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ബുധനാഴ്‌ച വൈകിട്ട് നാലരവരെ കസ്‌റ്റഡിയിൽ വിടുകയായിരുന്നു.ചൊവ്വ വൈകിട്ട് 4.30ന്‌തന്നെ ശ്രീകാര്യം പൊലീസ് അനിലിനെ കസ്‌റ്റഡിയിൽ വാങ്ങി. കഴിഞ്ഞ 28നാണ് ശ്രീകാര്യം ചേന്തിയിൽ ഡിസിസി അംഗമായിരുന്ന അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരടക്കം മുഖ്യമന്ത്രിയെ തടഞ്ഞത്. കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പും ഒപ്പമുണ്ടായിരുന്നു. വാഹനത്തിൽനിന്നിറങ്ങിയ മുഖ്യമന്ത്രിയും അനിലും തമ്മിൽ അസഭ്യവർഷവും നടത്തി. തുടർന്ന് അനിലിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ആർക്കൊക്കെ ഗൂ-ഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തണമെങ്കിൽ അനിലിനെ ചോദ്യം ചെയ്യണം. പൊലീസിന് ലഭിച്ച ശബ്‌ദസന്ദേശം അനിലിന്റേതാണെന്ന് ശാസ്‌ത്രീയമായി തെളിയിക്കണം. ആകാശവാണിയിൽ കൊണ്ടുപോയി ശബ്‌ദപരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
പിന്തുണച്ച് പീതാംബരക്കുറുപ്പ്
തിരുവനന്തപുരം
മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിനെ തുടർന്ന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എൻ പീതാംബരക്കുറുപ്പ്. ചേന്തിയിൽ മുഖ്യമന്ത്രിയെ തടയാൻ ആലോചിച്ചിട്ടുപോലുമില്ലെന്നും അവിടെ ഉണ്ടായിരുന്നവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ എത്തിയവരായിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. ചേന്തി അനിൽ ഗുണ്ടയാണെന്ന് പറയേണ്ടത് പൊലീസ് അല്ല. കോടതി ചെയ്യേണ്ട ജോലി പൊലീസ് ചെയ്യേണ്ടതില്ല. ചേന്തിയിൽ ആയുധവുമായി ആരും എത്തിയിരുന്നില്ല. തടയാനാണെങ്കിൽ പൈപ്പും കല്ലും റോഡിൽ വച്ചാൽ മതിയായിരുന്നു. തടയുമെന്ന് വിവരം കിട്ടിയിരുന്നെങ്കിൽ റൂട്ട് മാറ്റേണ്ടത് പൊലീസാണ്. പ്രശ്‌നം വഷളാക്കാൻ ബുദ്ധിപൂർവം ആരോ ശ്രമിച്ചെന്നുവേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.










0 comments