ട്രെയിനിലെ ബാഗ് മോഷ്ടാക്കള്‍ പിടിയില്‍

മുർഷിദ്, സൈദുൽ ഹഖ്, രാജാകാളി
കൊച്ചി
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ മൊബൈൽ ഫോണുകളും ബാഗുകളും മോഷ്ടിക്കുന്നത് പതിവാക്കിയ അസം സ്വദേശികളായ മുർഷിദ് (21), സൈദുൽ ഹഖ് (22), രാജാകാളി (45) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
മുർഷിദും സൈദുൽ ഹഖും ആലുവമുതൽ തൃശൂർവരെയുള്ള വിവിധ സ്റ്റേഷനുകളിൽ യാത്രക്കാർ ഉറങ്ങുന്ന സമയത്ത് ലേഡീസ് ബാഗുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതായിരുന്നു പതിവ്. ആലുവ റെയിൽവേ സ്‌റ്റേഷനിലെത്തുന്ന ട്രെയിനിലെ യാത്രക്കാർ ഉറങ്ങുകയാണെങ്കില്‍ ജനല്‍ വഴി കൈയിട്ട് ബാഗുകള്‍ മോഷ്ടിച്ച് ഓടിപ്പോകുന്നതായിരുന്നു രാജാകാളിയുടെ രീതി.
ആഗസ്‌ത് 28നും 30നും എറണാകുളം സൗത്ത് കാരൈക്കാല്‍ എക്സ്പ്രസ്, തിരുവനന്തപുരം മംഗളൂരു എക്സ്പ്രസ് എന്നിവയില്‍നിന്ന് ലേഡീസ് ബാഗുകള്‍ മോഷ്ടിച്ച സംഭവം അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് മുർഷിദിനെയും സൈദുൽ ഹഖിനെയും തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പ്രതികളില്‍നിന്ന് കണ്ടെടുത്തു.
ആര്‍പിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം, ആര്‍പിഎഫ് ആലുവ, എറണാകുളം സൗത്ത് റെയിൽവേ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർമാരായ എ പി വേണു, ബിനോയ് ആന്റണി, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ ജെ ജിപിൻ, ജിആര്‍പി എസ്എച്ച്ഒ നസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആഗസ്‌ത് 31ന് പുലർച്ചെ 2.45 മണിയോടെ ഓഖ–എറണാകുളം എക്സ്പ്രസ് ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ, ജനറൽ കോച്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ബാഗ് കവര്‍ന്ന കേസിലാണ് രാജാകാളി അറസ്‌റ്റിലായത്. ബാഗിൽ ഏകദേശം 3,000 രൂപയും 3,000 രൂപ വിലവരുന്ന ഹെഡ്‌സെറ്റും ഉണ്ടായിരുന്നു.










0 comments