ad
Deshabhimani

ആയുഷ്‌മിഷനിൽ മുന്നറിയിപ്പില്ലാതെ നടപടി; 78 ഡോക്‌ടർമാർ ഉൾപ്പെടെ 111 പേരെ പിരിച്ചുവിട്ടു

AYUSH MISSION
avatar
അഖില ബാലകൃഷ്‌ണൻ

Published on Sep 02, 2026, 01:21 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ആയുഷ്‌ മിഷന്‌ കീഴിൽ വിവിധ പദ്ധതികളിലെ 78 ഡോക്‌ടർമാർ ഉൾപ്പെടെ 111 ജീവനക്കാരെ മുന്നറിയിപ്പോ നോട്ടീസ്‌ പിരീഡോ ഇല്ലാതെ പിരിച്ചുവിട്ട്‌ യുഡിഎഫ്‌ സർക്കാർ. കാരുണ്യ ഹെൽത്തിൽനിന്ന്‌ 14, ഐഎസ്‌എമ്മിൽ 31, ആയുർവിദ്യയിൽ 66 എന്നിങ്ങനെയാണ്‌ പുറത്താക്കിയവരുടെ എണ്ണം. ആഗസ്ത്‌ 31നാണ്‌ സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ ഉത്തരവിറക്കിയത്‌.


കാരുണ്യ ഹെൽത്ത്‌ പ്രോഗ്രാമിൽ 14 യൂണിറ്റുകളുടെ പ്രോജക്‌ട്‌ കോർഡിനേറ്റർ തസ്‌തിക റദ്ദാക്കിയാണ്‌ 17 ഡോക്‌ടർമാരെ പിരിച്ചുവിട്ടത്‌. സമാനരീതിയിൽ ഐഎസ്‌എം പ്രോഗ്രാമിന്‌ കീഴിലുള്ള 31 പ്രൊജക്‌ട്‌ കോ-ഓർഡിനേറ്റർ തസ്‌തികയിലുള്ള ഡോക്‌ടർമാരുടെ നിയമനവും റദ്ദാക്കി.


കിടപ്പുരോഗികൾ, കാൻസർ രോഗികൾ, വയോധികർ, നാഡീവ്യൂഹ സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവർക്ക് ഗ്രാമീണ മേഖലകളിൽ വീടുകളിലെത്തി ഹോമിയോപ്പതി പാലിയേറ്റീവ് ചികിത്സ നൽകിയിരുന്നത് കാരുണ്യ പ്രോജക്‌ട്‌ കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിലാണ്‌.


തസ്‌തിക ഒഴിവാകുന്നതോടെ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങും. താൽപര്യമുള്ളവർക്ക്‌ മാത്രം അതത് സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ തസ്‌തികയിൽ തുടരാം. എന്നാൽ, തസ്‌തികയിലെ ആനുക‍ൂല്യങ്ങളോ വേതനമോ ലഭിക്കില്ല.

സ്‌കൂൾ കുട്ടികളിൽ ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘ആയുർവിദ്യ' പദ്ധതിയിൽ മെഡിക്കൽ ഓഫീസർമാരായ 33 ഡോക്‌ടർമാരുടെയും 33 മൾട്ടി- പർപ്പസ് വർക്കർമാരുടെയും കരാർ കാലാവധി പുതുക്കേണ്ടെന്നാണ്‌ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരം ആരോഗ്യം' പദ്ധതിയുമായി സഹകരിച്ച്‌ പുതിയ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കാനാണ്‌ നീക്കം. നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ നിർദേശമില്ല.


എൻഎച്ച്‌എമ്മിലെയും ആയുഷ്‌മിഷനിലെയും ഇരുപതിനായിരം കരാർ ജീവനക്കാരുടെ കരാർ രണ്ടുമാസത്തേക്ക്‌ മാത്രം പരിശോധിച്ച്‌ നീട്ടിയാൽ മതിയെന്നും തിങ്കളാഴ്‌ച ഉത്തരവിറക്കി. താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട്‌ കോൺഗ്രസ്‌ അനുകൂലികളെ തിരുകികയറ്റാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ്‌ നടപടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home