കുതിക്കുന്നു സവാളയും പഞ്ചസാരയും; രണ്ടാഴ്‌ചയ്‌ക്കിടെ ഇരട്ടിയായി

സ്വന്തം ലേഖകൻ
Published on Sep 02, 2026, 02:05 AM | 1 min read
ന്യൂഡൽഹി : പഞ്ചസാരയ്‌ക്ക് പിന്നാലെ രാജ്യത്ത് സവാള വിലയും കുതിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സവാള വില രണ്ടാഴ്‌ചയ്‌ക്കിടെ ഇരട്ടിയായി. ആഗസ്‌ത് പകുതിയിൽ കിലോയ്‌ക്ക് 35 രൂപയായിരുന്ന സവാളയ്‌ക്ക് നിലവിൽ 70 രൂപ കടന്നു. ഒരു മാസത്തിനിടെ സവാള വിലയിൽ ചില്ലറവിപണിയിൽ 60 ശതമാനവും മൊത്തവിപണിയിൽ 68 ശതമാനവും വർധനവുണ്ടായി.
ഉൽപ്പാദനത്തിൽ വലിയ കുറവില്ലെങ്കിലും ആവശ്യത്തിന് കരുതൽ ശേഖരമൊരുക്കുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച പാളിച്ചയും സംഭരിച്ച സവാളയിൽ നല്ലൊരു പങ്ക് ചീഞ്ഞുപോയതും പ്രതിസന്ധി രൂക്ഷമാക്കി. റാബി സീസണിൽ വിളവെടുത്ത സവാളയിൽ രണ്ടു ലക്ഷം ടൺ സംഭരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 1.2 ലക്ഷം ടൺ മാത്രമാണ് നാഫെഡ് വഴിയും മറ്റും സംഭരിക്കാനായത്. ലക്ഷ്യമിട്ടതിലും നാൽപ്പത് ശതമാനം കുറവുണ്ടായി.
റാബി സീസണിലെ കാലം തെറ്റിയുള്ള മഴ സവാളയുടെ നിലവാരത്തെയും ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വിളവെടുത്ത സവാള മികച്ച വില കിട്ടുന്നതിനായി സംഭരിച്ചുവെയ്‌ക്കുന്നതിന് പകരം കർഷകർ പെട്ടെന്ന് വിറ്റഴിച്ചു. സെപ്‌തംബറിൽ വിപണിയിലെത്തേണ്ട സവാള ജൂൺ– ജൂലൈ മാസങ്ങളിൽ തന്നെ കർഷകർ വിറ്റു. ഖാരിഫ് സീസൺ ഘട്ടത്തിൽ ആവശ്യത്തിന് മഴ ലഭിക്കാതെ വന്നതോടെ സവാള കൃഷിയിറക്കുന്നത് കർഷകർ മാറ്റിവെച്ചു.
പ്രതിസന്ധി പരിഹരിക്കാനായി നാസിക്കിൽ നിന്ന് രണ്ട് പ്രത്യേക ട്രെയിനുകളിൽ ഡൽഹിയിലേക്കും ചെന്നൈയിലേക്കും സവാള എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ റോഡുമാർഗം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കും സവാള എത്തിക്കുന്നുണ്ട്. എന്നാൽ ഇൗ നടപടികളൊന്നും വിലനിയന്ത്രിക്കുന്നതിന് പര്യാപ്‌തമല്ല.
വില അനിയന്ത്രിതമായി കുതിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾക്കും മില്ലുകൾക്കും മറ്റും നിയമപരമായി ശേഖരിച്ചുവയ്‌ക്കാവുന്ന പഞ്ചസാരയുടെ അളവ് കേന്ദ്രസർക്കാർ വീണ്ടും വെട്ടിക്കുറച്ചു. സെപ്‌തംബർ 15 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ പരമാവധി രണ്ടായിരം ക്വിന്റൽ പഞ്ചസാര മാത്രമേ വ്യാപാരികൾക്കും മറ്റും ശേഖരിച്ച് സൂക്ഷിക്കാനാകൂ. ശേഖരിക്കാവുന്ന പഞ്ചസാരയുടെ അളവ് ആഗസ്‌തിൽ തന്നെ നാലായിരം ക്വിന്റലായി കുറച്ചിരുന്നു. ഇൗ നടപടിക്ക് ശേഷവും വില കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പഞ്ചസാര പരമാവധി മുപ്പത് ദിവസത്തിൽ കൂടുതൽ ശേഖരിച്ചുവയ്‌ക്കരുതെന്ന നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും മറ്റും തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങളെന്ന് സർക്കാർ വിശദീകരിക്കുന്നു.










0 comments