കില കോളേജിന് പൂട്ടുവീഴുമെന്ന് ആശങ്ക


സി എ പ്രേമചന്ദ്രൻ
Published on Sep 02, 2026, 02:18 AM | 1 min read
തൃശൂർ : കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആൻഡ് ലോക്കല്‍ ഗവേണന്‍സിൽ ഇൗ വർഷത്തെ ബിരുദ പ്രവേശനം താളംതെറ്റി. കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡയറക്‌ടർ ജനറൽ എൻ ദേവിദാസ് കലിക്കറ്റ് സർവകലാശാലയ്‌ക്ക് നൽകിയ കത്താണ് ഇതിന് കാരണമായത്. പുതിയ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടെന്നും കത്തിൽ അറിയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ദേവിദാസ് കത്ത് പിൻവലിച്ചു. എന്നാൽ കോളേജ് പൂട്ടുമെന്ന ആശങ്ക വന്നതോടെ ഏകജാലകം വഴി അപേക്ഷിച്ച കുട്ടികൾ മറ്റു കോഴ്‌സുകളിലേക്ക് മാറി. സ്‌പോട്ട് അഡ്‌മിഷന് അപേക്ഷ ക്ഷണിച്ചിട്ടും ഇതുവരെ ആരും ചേർന്നില്ല.
നാലു വര്‍ഷത്തെ ബിഎ ഹോണേഴ്സ് -റൂറല്‍ ഡെവലപ്‌മെന്റ് ആൻഡ് ഗവേണന്‍സ്, ബിഎ ഹോണേഴ്സ് - ജെന്‍ഡര്‍ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിൽ 30സീറ്റാണുണ്ടായിരുന്നത്. ഡയറക്‌ടർ ജനറലിന്റെ കത്തിനെ കെ രാധാകൃഷ്‌ണൻ എംപിയും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഗവേണിങ് കൗൺസിലിൽ ശക്തമായി എതിർത്തു. എസ്‌എഫ്‌ഐ സമരരംഗത്തുമെത്തി. തുടർന്നാണ് കത്ത് പിൻവലിച്ചത്. ഒരു വർഷം കോഴ്‌സ് ഇല്ലാതാവുന്നത് കോളേജിന്റെ അംഗീകാരത്തെയും ബാധിക്കും. കിലയെ അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ 2024ൽ കോളേജ് ആരംഭിച്ചത്. തദ്ദേശമന്ത്രിയായിരുന്ന എം ബി രാജേഷ്, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, കില ഡയറക്‌ടറായിരുന്ന ജോയ് ഇളമൺ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായി മുൻമന്ത്രി ആർ ബിന്ദുവാണ് കോളേജിന് അംഗീകാരം നൽകിയത്.
കിലയെ സർവകലാശാലയാക്കുകയായിരുന്നു ലക്ഷ്യം. കിലയിലും തദ്ദേശസ്ഥാപനങ്ങളിലും വിവിധ പദ്ധതികളുടെ രൂപീകരണത്തിനും ഇ ഗവേണൻസിനും മികവുറ്റ ഉദ്യോഗസ്ഥരെ ആവശ്യമാണ്. കില നടത്തുന്ന ബിരുദകോഴ്സ് പാസായവർക്ക് ഇത്തരം ജോലികളിൽ മുൻഗണന ലഭിക്കും. ഇൗ പ്രക്രിയയാണ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചത്.









0 comments