സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി
കാലം മായ്‌ക്കാത്ത വിജയഗാഥ

ഒഞ്ചിയം രക്തസാക്ഷി സ്-ക്വയര്‍ ഫോട്ടോ: മിഥുന്‍ അനില മിത്രന്‍
പി കെ സജിത് കോഴിക്കോട് കാലം മായ്ക്കാത്ത പോരാട്ടവീര്യത്തിന്റെ മറുപേരാണ് ഒഞ്ചിയം. ചോരകൊണ്ട് ചരിത്രമെഴുതിയ ഗ്രാമം. തീതുപ്പിയ തോക്കിനുമുന്നിൽ പതറാതെ നാടിനുവേണ്ടി ചോരചിന്തിയ ധീരന്മാരുടെ മണ്ണ്. വിപ്ലവകാരിയുടെ സ്ഥൈര്യത്തെ പിളർക്കാൻ വെടിയുണ്ടയ്ക്കും കൽത്തുറുങ്കിനും മർദനത്തിനുമാവില്ലെന്ന് തെളിയിച്ച അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്റെയും ഒമ്പത് ധീരസഖാക്കളുടെയും നാട്. കമ്യൂണിസ്റ്റ് പാർടിയുടെ താലൂക്ക് കമ്മിറ്റി യോഗം 1948 ഏപ്രിൽ 30-ന് ഒഞ്ചിയത്ത് ചേരാൻ തീരുമാനിച്ചു. കൊൽക്കത്തയിൽ ചേർന്ന പാർടി കോൺഗ്രസ് തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായിരുന്നു യോഗം. പുതുക്കുടി രാഘവന്റെ വീട്ടിലായിരുന്നു യോഗം. ഇതെങ്ങനെയോ അറിഞ്ഞ എംഎസ്‌പിക്കാർ 30ന് പുലർച്ചെ കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള ദേശരക്ഷാസേനയുടെ അകമ്പടിയോടെ മുക്കാളിയിൽ വന്നിറങ്ങി. മുഴുവൻ നേതാക്കളെയും ഒറ്റയടിക്ക് പിടികൂടാമെന്ന പ്രതീക്ഷയിലാണ് തലശേരിയിൽനിന്ന് എംഎസ്‌പിയുടെ വൻ സംഘമെത്തിയത്. യോഗം നടക്കുന്നതിനാൽ ഒഞ്ചിയത്തേക്കുള്ള വഴികളിലെല്ലാം പാർടി പ്രവർത്തകർ ഉറക്കമൊഴിച്ച് കാവൽനിന്നിരുന്നു. പാർടി നേതാവായ സി കെ വാസുവിന്റെ വീട്ടിൽ കയറിയ സേന അച്ഛൻ ചോയിയെയും സഹോദരൻ കണാരനെയും ക്രൂരമായി മർദിച്ചു. ഇവരുമായി ചെന്നാട്ടുവയലിൽ എത്തുമ്പോഴേക്കും നാടാകെ തടിച്ചുകൂടി. അറസ്‌റ്റ് ചെയ്‌ത ചോയിയെയും കണാരനെയും വിട്ടുകിട്ടണമെന്ന് ജനം ആവശ്യപ്പെട്ടു. വെടിവയ്‌ക്കുമെന്ന് പൊലീസും. പാർടി താലൂക്ക് സെക്രട്ടറി കുമാരൻ മാഷ് എല്ലാവരോടും കമിഴ്‌ന്ന് കിടക്കാൻ ആവശ്യപ്പെടുമ്പോഴേക്കും പൊലീസ് വെടിയുതിർത്തിരുന്നു. അളവക്കൻ കൃഷ്ണനാണ് ആദ്യം വെടിയേറ്റ് വീണത്. പിന്നെ പി എം കണാരൻ, സി കെ ചാത്തു, കാവുന്തൊടി മീത്തൽ ശങ്കരൻ, പുറവിൽ കണാരൻ, പാറയുള്ളതിൽ കണാരൻ, വി പി ഗോപാലൻ, വട്ടക്കണ്ടി വി കെ രാഘൂട്ടി എന്നീ യോദ്ധാക്കളും വെടിയേറ്റുവീണു. മൃതദേഹം പച്ചോലയിൽ കെട്ടി ‘ചെറുപയർ പട്ടാളം’ ലോറിയിൽ കയറ്റി കടപ്പുറത്തെത്തിച്ചു. എംഎസ്‌പിക്കാർ പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴി വെട്ടി എല്ലാവരെയും അടക്കംചെയ്തു. വെടിവയ്‌പ്പിൽ കുങ്കൻ നായർ, ടി സി കുഞ്ഞിരാമൻ നായർ, വടയക്കണ്ടി ചാത്തു, പുറവിൽ കണ്ണൻ, ആയാട്ട് ചോയി മാസ്റ്റർ, പലോരി മീത്തൽ അച്യുതൻ, ടി പി ചോയി, പി പി കണ്ണൻ, പുറവിൽ കണ്ണൻ എന്നിങ്ങനെ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. തുടർന്ന് എംഎസ്‌പിക്കാരും ചെറുപയർ പട്ടാളവും ചേർന്ന് പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ കയറി തേർവാഴ്‌ച നടത്തി. കൊല്ലാച്ചേരി കുമാരനെയാണ് ആദ്യം പിടികൂടിയത്. ക്രൂരപീഡനത്തിനിരയായ കുമാരൻ 1948 ജൂലായ് 10 ന് കണ്ണൂർ സെൻട്രൽ ജയിലിൽ രക്തസാക്ഷിയായി. ഒഞ്ചിയത്തെ നേതാവായ മണ്ടോടി കണ്ണനെ കിട്ടാത്തതിനാൽ എംഎസ്‌പിക്കാർ പാർടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയടക്കം ക്രൂരമായി പീഡിപ്പിച്ചു. ഇത് ഒളിവിൽ കഴിയുന്ന കണ്ണനെ വിഷമിപ്പിച്ചു. 1948 മെയ് 15ന് കണ്ണൻ പൊലീസിൽ കീഴടങ്ങി. വടകര ലോക്കപ്പിൽ മൂന്നുദിവസം മൂന്നാം മുറയ്‌ക്കിരയായി. ‘നെഹ്റു ഗവൺമെന്റ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി മൂർദാബാദ്’ എന്ന് വിളിക്കാൻ ആജ്ഞാപിച്ചു. ഇത് പുച്ഛിച്ചു തള്ളിയ കണ്ണന് നേരെ മർദനം തുടർന്നു. ലോക്കപ്പിനകത്ത് ഒഴുകിപ്പടർന്ന ചോരയിൽ കൈമുക്കി കണ്ണൻ ചുവരിൽ അരിവാൾ ചുറ്റിക വരച്ചു. മർദനത്തിന്റെ ഫലമായി ദീർഘനാൾ ചികിത്സയിലിരിക്കെ 1949 മാർച്ച് 14 ന് രക്തസാക്ഷിയായി. 64 പേർക്കെതിരെയാണ് ഒഞ്ചിയം കേസ് ചാർജ് ചെയ്തത്. കേസന്വേഷിച്ച് കുറ്റപത്രം നൽകിയത് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ തന്നെ. ഈ കാരണം കൊണ്ടും തെളിവുകൾ ഇല്ലാത്തതിനാലും കേസ് സെഷൻസ് കോടതി തള്ളി. മേൽക്കോടതിയിലും പ്രോസിക്യൂഷൻ വാദം വിജയിച്ചില്ല. പത്തു വിപ്ലവകാരികൾ രക്തസാക്ഷികളായ ഒഞ്ചിയം ചെറുത്തുനില്പ് പിന്നീട് നിരവധി സാഹിത്യകൃതികൾക്കും നാടകങ്ങൾക്കും വിഷയമാവുകയും ചെയ്‌തു.









0 comments