മുഖ്യമന്ത്രിക്കസേരയിലും മറയില്ലാതെ ആർഎസ്‌എസ് സേവ

സ്വന്തം ലേഖകൻ
Published on Sep 02, 2026, 01:01 AM | 1 min read
തിരുവനന്തപുരം : ‘35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും’ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതാണിത്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രിക്കായി ഓഫീസും തുറന്നു. അന്ന്, ജനം ബിജെപിയെ പൂജ്യം സീറ്റിലൊതുക്കി എൽഡിഎഫിന് വൻവിജയം സമ്മാനിച്ചു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഹായത്തോടെ ബിജെപി മൂന്നുസീറ്റിൽ ജയിച്ചതോടെ വി ഡി സതീശനെ മുന്നിൽനിർത്തി ബിജെപി സംസ്ഥാനം ഭരിക്കുന്ന കാഴ്‌ചയാണ് സർക്കാരിന്റെ നൂറുദിനം പൂർത്തിയാകുന്പോൾ കാണുന്നത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം കഴിഞ്ഞപ്പോൾത്തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിനന്ദനവുമായെത്തി. ‘ഞങ്ങളുടെ പ്രകടനപത്രികയിലുള്ളവയാണ് സർക്കാരിന്റെ നയപ്രഖ്യാപനങ്ങൾ’ എന്നായിരുന്നു പ്രസ്‌താവന.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ബിജെപിയുടെ വാദം ശരിയാണെന്ന് യുഡിഎഫ് സർക്കാർ തെളിയിച്ചു. ഓണം വാരാഘോഷ സമാപന ചടങ്ങിലും കേരള സർവകലാശാലയിലെ ചടങ്ങിലും വന്ദേമാതരം പൂർണമായും ആലപിച്ചു. സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഗവർണർക്ക് അവസരമൊരുക്കി. സംഘപരിവാർ അജണ്ടയായ പിഎം ശ്രീയോടുള്ള നിലപാട് മാറ്റി.
ലൈഫ് പദ്ധതിയിലെ വീടുകളിൽ കേന്ദ്രപദ്ധതിയുടെ ലോഗോ വയ്‌ക്കാൻ സമ്മതം അറിയിച്ചും ബിജെപി വിധേയത്വം പ്രകടിപ്പിച്ചു. ഗവ. പ്ലീഡർമാർ, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ നിയമനങ്ങളിലും ബിജെപിക്കാർ ഇടംനേടിയതോടെ കോൺഗ്രസിലും കെഎസ്‌യുവിലും ലോയേഴ്‌സ് കോൺഗ്രസിലുംനിന്ന് വിമർശമുയർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ‘ബിജെപിയാണോ കേരളം ഭരിക്കുന്നതെന്ന്’ പരസ്യമായി ചോദിച്ചിരുന്നു.










0 comments