ഭരണകൂടഭീകരതയുടെ ചോരപ്പാടുകളിലൂടെ ‘മിസ: ദ ലാസ്‌റ്റ് ബ്രീത്ത്’

എറണാകുളം ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്ററിൽ പി ജെ ആന്റണി ഫൗണ്ടേഷൻ സംഘടിപ്പിച്ച മിസ: ദ ലാസ്‌റ്റ് ബ്രീത്ത് എന്ന നാടകത്തിൽനിന്ന്
കൊച്ചി
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണകൂട ഭീകരത നാളിതുവരെ കൊണ്ടാടിയ നരവേട്ടകളുടെ ചരിത്രത്തെ ഉള്ളുലയ്‌ക്കുന്ന രംഗാവതരണമാക്കി ‘മിസ: ദ ലാസ്‌റ്റ് ബ്രീത്ത്’. എ കെ ജിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ വെള്ളിടിപോലെ പ്രതിഷേധമുയർന്ന എറണാകുളം ബോട്ടുജെട്ടിയിലെ ചരിത്രമുറങ്ങുന്ന മണ്ണിലായിരുന്നു അവതരണം. ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ ഒരുക്കിയ വേദിയിൽ അരങ്ങേറിയ നാടകത്തിന് നൂറുകണക്കിനുപേർ ആദ്യവസാനം സാക്ഷികളായി.
അടിയന്തരാവസ്ഥയിൽ ഭരണകൂടഭീകരതയ്‌ക്കിരയായി കൊല്ലപ്പെട്ട നാടക,- സാമൂഹ്യപ്രവർത്തക സ്‌നേഹലത റെഡ്ഡി നേരിട്ട പീഡാനുഭവങ്ങളുടെ പൊള്ളിക്കുന്ന ദൃശ്യങ്ങളാണ് നാടകത്തിന്റെ പ്രധാനഭാഗം. അതിലേക്ക് എത്താൻ, വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക ഗ്രാമങ്ങളിലും വ്യവസായ നഗരങ്ങളിലും തൊഴിലാളികൾക്കുനേരെ നടന്ന അതിക്രമങ്ങളും സ്‌റ്റാൻ സ്വാമിയെപ്പോലെ തടവറയിൽ കുരുതികൊടുക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർക്കുനേരെയുണ്ടായ കൊടുംപീഡാനുഭവങ്ങളും അരങ്ങ് അയവിറക്കുന്നു.
യു ആർ അനന്തമൂർത്തിയുടെ സംസ്‌കാര എന്ന വിഖ്യാതകൃതിയെ ആധാരമാക്കിയ ചലച്ചിത്രത്തിൽ സ്‌നേഹലത റെഡ്ഡി അവതരിപ്പിച്ച ഒരുരംഗത്തിലൂടെ നാടകം അടിയന്തരാവസ്ഥയുടെ കറുത്തനാളുകളെ ഓർത്തെടുക്കുന്നു. ഫാസിസ്‌റ്റ് രൂപംപൂണ്ട ഇന്ദിരാഗാന്ധി സർക്കാർ പൗരന്മാരോടും സ്വാതന്ത്ര്യത്തോടുംചെയ്‌ത അതിക്രമങ്ങൾ രാഷ്‌ട്രത്തിന്റെ നിലവിളിയായി സ്‌നേഹലത റെഡ്ഡിയിൽനിന്ന് ഉയരുന്നു.
കൊടുംപീഡനത്തിനിരയായി കൊല്ലപ്പെട്ട സ്‌നേഹലത റെഡ്ഡി എഴുതിയ ഡയറിക്കുറിപ്പുകളാണ് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിച്ച നാടകത്തിനാധാരം. സ്‌നേഹലത റെഡ്ഡിയെ മിഴിവോടെ അരങ്ങേറ്റിയത് ചിന്നൂസ് ചിലങ്ക. ബിച്ചൂസ് ചിലങ്കയുടേതാണ് നാടകരചനയും സംവിധാനവും.
നാടകാവതരണത്തിന് മുന്നോടിയായി, സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടഭീകരതയെ അടയാളപ്പെടുത്തിയ ജയിൽക്കുറിപ്പുകൾ എന്ന പുസ്തകം എഡിറ്റുചെയ്ത ഉമ അഭിലാഷ് സംസാരിച്ചു. സ്നേഹലത റെഡ്ഢിയുടെ ഡയറിക്കുറിപ്പുകളെ ആധാരമാക്കി ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ "ജയിൽഡയറി’യുടെ രണ്ടാംപതിപ്പിന്റെ പ്രകാശിപ്പിക്കൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിച്ചു.
തുടർന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലിയും വനിതാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി രവിത ഹരിദാസും പങ്കെടുത്ത നാടകസംവാദത്തിൽ ജോൺ ഫെർണാണ്ടസ് മോഡറേറ്ററായി.










0 comments