ad
Deshabhimani

പെരിയാർ നിറഞ്ഞ്‌ 
വെളുത്ത പത; ആശങ്ക

Periyar River

ഏലൂർ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയായി പെരിയാർ പതഞ്ഞ് ഒഴുകിയപ്പോൾ

avatar
സ്വന്തം ലേഖകർ

Published on Sep 02, 2026, 01:02 AM | 1 min read

ആലുവ/കളമശേരി

എടയാർ വ്യവസായമേഖലയ്ക്കുസമീപം പെരിയാറിൽ വൻതോതിൽ വെളുത്ത നിറത്തിലുള്ള കട്ടിയുള്ള പത രൂപപ്പെട്ടത് പ്രദേശത്ത് ആശങ്കയ്ക്കിടയാക്കി. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനുസമീപം ചൊവ്വ രാവിലെമുതലാണ്‌ നദിയിൽ വ്യാപകമായി നെയ്യുപോലുള്ള കട്ടിയുള്ള പത കാണപ്പെട്ടത്. രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.


എടയാറിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റുകളിൽനിന്നോ എല്ലുപൊടി നിർമാണ സ്ഥാപനങ്ങളിൽനിന്നോ ശുദ്ധീകരിക്കാത്ത ജൈവമാലിന്യം പുഴയിലേക്ക് ഒഴുക്കിയതാകാം പത രൂപപ്പെടാൻ കാരണമെന്നാണ് പെരിയാർ മലിനീകരണവിരുദ്ധ സമിതിയുടെയും നാട്ടുകാരുടെയും സംശയം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചശേഷമേ മലിനീകരണത്തിന്റെ യഥാർഥ ഉറവിടവും കാരണവും വ്യക്തമാകൂ.


മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ, ഉദ്യോഗസ്ഥർ, സ്ഥാപനപ്രതിനിധികൾ പരിസ്ഥിതി പ്രവർത്തകർ, ജനത്തിനിധികൾ എന്നിവർ പങ്കെടുത്ത യോഗം തിങ്കളാഴ്ച നടന്നിരുന്നു. തൊട്ടുപിന്നാലെ ചൊവ്വ വെളുപ്പിന് ആറോടെയാണ് പുഴയിൽ പത നിറഞ്ഞ് ഒഴുകിയത്. പിന്നീട് ഷട്ടർ തുറന്നതോടെയാണ് മാലിന്യം ഒഴുകിപ്പോയത്. ഒരാഴ്ച മുമ്പും ഇതേപോലെ സംഭവിച്ചിരുന്നു. പെരിയാറിൽ തുടർച്ചയായി മലിനീകരണ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അധികൃതരുടെ നടപടി പര്യാപ്തമല്ലെന്നാരോപിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.


വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യംതള്ളൽ കർശനമായി നിരീക്ഷിക്കുകയും കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം. പെരിയാറിലെ ജലമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. 





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home