ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം
വിമാനത്താവളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനം എയർ ഇന്ത്യ ഹാങ്ങറിലേക്ക് മാറ്റിയേക്കും. ഇതിന് ബ്രിട്ടീഷ് നേവി സന്നദ്ധത അറിയിച്ചെന്നാണ് വിവരം. വിമാനത്തിന്റെ സങ്കേതിക തകരാർ പരിഹരിക്കുന്നതിന് ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘംകൂടി എത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അമേരിക്കൻ നിർമിത എഫ്-35 വിമാനം ഹാങ്ങറിലേക്ക് മാറ്റാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടെങ്കിലും വിമാനത്തിന്റെ രഹസ്യം ചോരുമെന്ന് ഭയന്ന് അവർ ഇത് നിരസിച്ചിരുന്നു. സംഘത്തിനും തകരാർ പരിഹരിക്കാനായില്ലെങ്കിൽ യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇ മാസം15നാണ് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരായിരിക്കും എത്തുക. ഇവർ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനമാണ് തകർന്നതെന്നാണ് വിവരം. കടലിൽ നൂറ് നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന പടക്കപ്പലിൽനിന്ന് ബ്രിട്ടീഷ് എൻജിനിയർമാരെത്തി ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- നാലിലാണ്.









0 comments