മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

ചിറയിൻകീഴ്
മുതലപ്പൊഴിയിൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടം. മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളുടെ വള്ളമാണ് തലകീഴായിമറിഞ്ഞത്. അപകട സമയം മൂന്ന് തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെട്ടുതുറ സ്വദേശി നിധിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായമാത എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശനി രാവിലെ എട്ടോടെയാണ് അപകടം. നിറയെ മീനുമായി അഴിമുഖം കടക്കവെ ശക്തമായ കാറ്റിലും തിരയിലുംപെട്ട വള്ളം മറിയുകയായിരുന്നു. വെട്ടുതുറ സ്വദേശികളായ അഭിജിത്ത് (25), ശ്യാം (23), ചിറയിൻകീഴ് സ്വദേശി അഭി (25) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. കടലിലേക്ക് തെറിച്ചു വീണ ഇവർ നീന്തി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട വള്ളം ഹാർബറിലെത്തിക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നാല് തൊഴിലാളികൾ തിരയടിച്ച് കടലിലേക്ക് തെറിച്ചു വീണു. ഇവർ 200 മീറ്ററിലധികം ഉൾക്കടലിലേക്ക് നീന്തി മറ്റ് വള്ളങ്ങളിൽ കയറിയാണ് രക്ഷപ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് മറിഞ്ഞ വള്ളം ഹാർബറിലെത്തിച്ചത്. വള്ളത്തിലുണ്ടായിരുന്ന മീനും വലയും നഷ്ടപ്പെട്ടു. വള്ളം പൂർണമായി തകർന്നു. മണൽമൂടി അടഞ്ഞുകിടന്ന അഴിമുഖത്തുനിന്ന് കാലവർഷം ആരംഭിച്ചതോടെ മണൽത്തിട്ടയുടെ കുറേഭാഗം ഒലിച്ചു പോയതോടെയാണ് മീൻപിടിത്തം പുനരാരംഭിച്ചത്. ചാനലിൽ വേണ്ടത്ര ആഴം ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.









0 comments