മാനവിക മൂല്യങ്ങളുടെ ആഘോഷമായി: മുഖ്യമന്ത്രി

തിരുവനന്തപുരം
മതത്തിനോ ജാതിക്കോ മറ്റേതെങ്കിലും വേർതിരിവുകൾക്കോ ഉച്ചനീചത്വങ്ങൾക്കോ ഇടമില്ലാത്തതാണ് മലയാളിയുടെ മനസ്സ് എന്ന പ്രഖ്യാപനമാണ് ഈ ഓണക്കാലത്തും ആവർത്തിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ മഹത്തായ എല്ലാ കൂട്ടായ്മകളെയും നേട്ടങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സങ്കുചിത ശക്തികൾക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ. ഏറ്റവും നല്ല രീതിയിൽ ഓണമാഘോഷിക്കാൻ ജനങ്ങളും സർക്കാരും ചേർന്നുനിന്നു. ബോണസും ഉത്സവബത്തയും ഡിഎയുമെല്ലാം നേരത്തേ നൽകിയ സർക്കാർ ക്ഷേമ പെൻഷന്റെ രണ്ടുഗഡുവും നൽകി. കാര്യക്ഷമമായി വിപണിയിൽ ഇടപെട്ടതിന്റെ ഫലമായി വിലക്കയറ്റം തടയാൻ കഴിഞ്ഞു. ഇങ്ങനെ സമൃദ്ധിയുടെ ആഘോഷമായി ഇത്തവണ ഓണം. എന്നാൽ, അതിന്റെ സമത്വ സങ്കല്പത്തെ സവർണാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും നീചത്വംകൊണ്ട് മൂടാനുള്ള ശ്രമം ഉണ്ടായി. ഓണത്തിനുപകരം വാമനജയന്തി ആഘോഷിക്കണമെന്ന ആഹ്വാനം മുഴക്കി. അത്തരം നീക്കങ്ങളെ കേരളീയർ ഒറ്റക്കെട്ടായി തള്ളി. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന സവർണാധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തിന് മഹാബലിയെന്ന കീഴാള ചക്രവർത്തിയോടും അതുമായി ബന്ധപ്പെട്ട ഓണസങ്കല്പത്തോടും വിപ്രതിപത്തിയുണ്ടാവുന്നത് സ്വാഭാവികം. പക്ഷെ, സമത്വ പൂർണമായ ലോകത്തെ സ്വപ്നം കാണുന്നവരുടെ എക്കാലത്തേയും പ്രചോദനമാണ് മഹാബലിയും ഓണസങ്കല്പവും. ഓണത്തിന് പുതിയ സവർണ ആഖ്യാനങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ മുഴുകുന്നത്. മഹാബലി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെക്കൂടി പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താനാണവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.









0 comments