ഇഡി ചമഞ്ഞ് തട്ടിപ്പ്
പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

രാജീവ് ഫെർണാണ്ടസ്
തിരുവനന്തപുരം
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. കൊല്ലം പൊലീസ് ചികിത്സയ്ക്കായി എത്തിച്ച പ്രതിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജനൽവഴി ചാടി രക്ഷപ്പെട്ടത്. പ്രതി കൊല്ലം കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസിനായി തിരച്ചിൽ ആരംഭിച്ചു. തിങ്കൾ പുലർച്ചെയാണ് സംഭവം. ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പൊലീസ് അന്വേഷിക്കുന്നയാളാണ്. വാഹനമോഷണ കേസിലാണ് കൊല്ലം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊല്ലം വെസ്റ്റ് സ്റ്റേഷനിലെത്തിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലും ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കാർഡിയോളജി ഐസിസിയുവിലേക്ക് മാറ്റി. പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അറിയിച്ചതോടെ ഡോക്ടർ ഡയപ്പർ നിർദേശിച്ചു. ഇത് മാറ്റാൻ മറയും ഒരുക്കി. ഈ അവസരം മുതലാക്കിയാണ് ജനാലവഴി പുതപ്പും മുണ്ടും കൂട്ടിക്കെട്ടി ചാടിയത്. നിമിഷങ്ങൾക്കകം പുറത്തുനിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെട്ടു. നേരത്തേ മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം നിർത്തിയിട്ടശേഷം മുങ്ങിയ ഇയാൾ അടുത്ത ദിവസം കാറെടുക്കാൻ വന്നപ്പോഴാണ് പൊലീസ് പിടിയിലായത്. കേരള പൊലീസ് അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ കർണാടക പൊലീസ് തിരിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടി രക്ഷപ്പെട്ടത്.









0 comments