എം ശങ്കരനാരായണപിള്ള അന്തരിച്ചു

എം ശങ്കരനാരായണ പിള്ളയ്‌ക്ക് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള അന്ത്യാഞ്ജലിയർപ്പിക്കുന്നു. എം വിജയകുമാർ, കെ വരദരാജൻ എന്നിവർ സമീപം
തിരുവനന്തപുരം
എൻജിഒ യൂണിയൻ, കെജിഒഎ എന്നിവയുടെ മുൻ സംസ്ഥാന സെക്രട്ടറി എം ശങ്കരനാരായണ പിള്ള (88) അന്തരിച്ചു. പാറ്റൂരിലെ മൂലവിളാകത്തെ സഹോദരി ഇന്ദിരാ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു താമസം. സംസ്കാരം വെള്ളി രാവിലെ 9.30ന് ജന്മനാടായ കൊല്ലം വെളിയം കള്ളിക്കാട് വീട്ടുവളപ്പിൽ. ഖാദിബോർഡ് വൈസ് ചെയർമാൻ, ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ഹാൻടെക്‌സ് എംഡി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ജോയിന്റ് ഡയറക്ടർ ആയിരിക്കെ 1992ൽ വിരമിച്ചു. 1962ൽ എൻജിഒ യൂണിയൻ രൂപീകരണകാലം മുതൽ സംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1980 ൽ ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷനായി. അടിയന്തരാവസ്ഥയിൽ സ്ഥലംമാറ്റ നടപടിക്ക് വിധേയനായി. വിരമിച്ചശേഷം തിരുവനന്തപുരം ദേശാഭിമാനിയിൽ പ്രൂഫ് റീഡറായി പ്രവർത്തിച്ചു. അക്കാലത്ത് എസ് എൻ എന്ന പേരിൽ ലേഖനങ്ങളും അനുഭവക്കുറിപ്പും എഴുതി. യൂണിയൻ സഹപ്രവർത്തകർക്കിടയിൽ ശങ്കു അണ്ണൻ എന്നറിയപ്പെടുന്ന അദ്ദേഹം യൂണിയൻ കൊല്ലം താലൂക്ക് സെക്രട്ടറി, 1970ൽ കൊല്ലം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയറ്റംഗം, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകളും നിർവഹിച്ചു. 1972 മുതൽ തിരുവനന്തപുരത്താണ് താമസം. 1973 ലെ 54 ദിവസത്തെ സമരത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് നേതൃത്വപരമായ പങ്കുവഹിച്ചു. യൂണിയന്റെ ഡിജിറ്റൽ ചരിത്രം തയ്യാറാക്കാനും മുൻനിന്ന് പ്രവർത്തിച്ചു. മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ, കെ വരദരാജൻ, എൻജിഒ യുണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത്‌കുമാർ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം ഷാജഹാൻ, ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.









0 comments