യൂസഫിന്റെ ചായക്കട

സിവിൽ സ്റ്റേഷൻ വളപ്പിലെ ചായക്കടയിൽ യൂസഫ് ചായ അടിക്കുന്നു

ടി വി സുരേഷ്
Published on Feb 24, 2025, 12:28 PM | 2 min read
മഞ്ചേരി: തണൽവിരിച്ച് നിൽക്കുന്ന ഒങ്ങുമരത്തിന്റെ ചുവട്ടിലായി നല്ല നാട്ടിൻപുറ ഭംഗിയുള്ള ചായക്കട. എപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന സമാബർഗ്. മുകളിലെ പാത്രത്തിൽ പാലും തിളച്ച് ആവിപറക്കുന്ന കാഴ്ച. പഴംപൊരിയും പരിപ്പുവടയും ബോണ്ടയും നിറഞ്ഞിരിക്കുന്ന ചെറിയൊരു കണ്ണാടി അലമാരയും.
ഈ പെട്ടിക്കടക്ക് മുന്നിലാണ് അഭിഭാഷകരും പൊലീസുകാരും സർക്കാർ ജീവനക്കാരും പല ആവശ്യങ്ങൾക്കായി എത്തുന്നവരും സ്ഥിരമായി ഒത്തുകൂടുന്നത്. തിരുവാലി പുന്നപ്പാലയിൽ കണ്ണങ്ങാടൻ യൂസഫ് മഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ ചായക്കട നടത്താൻ തുടങ്ങിയിട്ട് വർഷം 46 കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടി, രാഷ്ട്രീയ നേതാക്കളായ സിഎച്ച് മുഹമ്മദ് കോയ, ടി കെ ഹംസ, എം പി ഗംഗാധരൻ, സി ശ്രീധരൻ വക്കീൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം യൂസഫിന്റെ ചായയുടെ രുചിയറിഞ്ഞവരാണ്.
ജീവിതമാർഗം കണ്ടെത്താനായി 1978ലാണ് ഒന്നേകാലണയുമായി യൂസഫ് തിരുവാലിയിൽനിന്നും മഞ്ചേരിയിലേക്ക് വണ്ടി കയറിയത്. അന്നുമുതൽ കച്ചേരിപ്പടിയിലെ പരിസരത്തും ചൂടു മധുരം പകർന്ന് യൂസഫുണ്ട്. രാവിലെയും വൈകീട്ടും ആലസ്യത്തിലാണ്ടുപോയ ജീവനക്കാർക്ക് ചായയും കാപ്പിയും കടികളുമായി യൂസഫ് ഉണർവേകും. പൊലീസുകാരും അഭിഭാഷകരും ജീവനക്കാരുമെല്ലാം യൂസഫിനായി കാത്തിരിക്കും. ഓരോരുത്തർക്കും വേണ്ട കടുപ്പത്തിൽ ചായയും എടുത്തുകൊടുക്കും. മജിസ്ട്രേറ്റ് കോടതിയുടെ വരാന്തയിൽ എത്തിയാലുടൻ ശ്രീധരൻ വക്കീലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ എത്തും. സ്ഥിരം കസ്റ്റമറായിരുന്ന മമ്മൂട്ടിയുടെ കടുപ്പവും മധുരവുമൊക്കെ കൃത്യമായി മനസിലാക്കിയിരുന്നതായും യൂസഫ് പറഞ്ഞു. അന്ന് ദിവസം ഏകദേശം പത്തിരുനൂറ് ചായയും വിൽക്കും. 20 പൈസയായിരുന്നു ചായക്ക് വില.
ഒന്നേക്കാലണക്ക് കച്ചേരിപടിയിലെ തൃശൂർ ഹോട്ടലിൽ ജോലിക്കാരനായാണ് തുടക്കം. പെട്ടെന്നൊരു ദിവസം ഹോട്ടൽ പൂട്ടിയതോടെ യൂസഫിന്റെ ജോലിയും പോയി. പ്രായത്തിലായ തനിക്ക് പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ജീവനക്കാരായിരുന്ന മഞ്ചേരി സ്വദേശി രവീന്ദ്രനും തിരുവന്തപുരത്തുകാരനായ ഭാർഗവൻ സാറുമാണ് തുണയായത്. അവരുടെ സാലറി സർട്ടിഫിക്കറ്റിന്റെ ബലത്തിൽ പഴയ നെടുങ്ങാടി ബാങ്കിൽനിന്ന് 500 രൂപ വായ്പയെടുത്തു. അങ്ങിനെയാണ് സ്വന്തമായി ചൂടാറാ പാത്രവും ഗ്ലാസുകളും സ്റ്റൗവും ആവശ്യമായ സാമഗ്രികളെല്ലാം വാങ്ങിത്. ദിവസവും ചായ നൽകിയ കുട്ടിയോട് അവര് കാണിച്ച സ്നേഹം കൊണ്ടുമാത്രമാണ് ജീവിതം തിരിച്ചു പിടിക്കാനായതെന്ന് യൂസഫ് പറഞ്ഞു.
പിന്നീട് നഗരസഭയുടെ പെട്ടിക്കട ലൈസൻസ് കിട്ടി. അന്നുതൊട്ട് സിവിൽസ്റ്റേഷൻ വളപ്പിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ പുറത്തായി പെട്ടിക്കട തുടങ്ങി. രാവിലെ കോടതിയിലും താലൂക്ക് ഓഫീസിലും സ്റ്റേഷനിലുമായി ജോലിക്കെത്തുന്നവർ ഇവിടെയെത്തി ചായ കുടിച്ചാണ് പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും ഇവിടെ എത്തി കുശലാന്വേഷണവും നടത്തിയാണു വീടുകളിലേക്കു മടങ്ങുന്നതും. ഇതിനിടെ വിവാഹം കഴിച്ചു. മൂന്നുമക്കളായി. തിരുവാലി കാഞ്ഞിരത്തിൽകണ്ടിയിൽ സ്വന്തമായി നാലു സെന്റ് ഭൂമിവാങ്ങി വീടുവെച്ചു.
വർഷങ്ങൾക്കിപ്പുറം മഞ്ചേരിയും യൂസഫുമെല്ലാം ഏറെ മാറി. പുതിയ ഓഫീസ് സമുച്ചയങ്ങൾ വന്നു. ജീവനക്കാരുടെയും വക്കീലുമാരുടെയും എണ്ണം പത്തിരട്ടിയായി. വാഹനങ്ങളും പെരുകി. ഇന്നിപ്പോ കടയിലെ ചെലവുകളെല്ലാം കഴിഞ്ഞ് എനിക്കും മോനും1000 രൂപ നിത്യവും മിച്ചം കിട്ടുന്നതായി യൂസഫ് പറഞ്ഞു.
അന്ന് ഇവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക പൊലീസുകാരും ക്ലാർക്കുമാരും വലിയ ഓഫീസർമാരായി. ചിലരൊക്കെ ഇടക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കും. ജീവിതം തന്ന സിവിൽസ്റ്റേഷൻ പരിസരത്ത് ആവുന്നകാലമത്രയം കച്ചോടം ചെയണം. ഇതിനപ്പുറമൊന്നും കച്ചേരിപടിയിലെ ചായക്കടക്കാരന് മോഹമവുമില്ല. കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും നാട്ടുരുചി പകരുന്ന പഴയകാല നാടൻചായക്കട ഗൃഹാതുരത്വത്തോടെ അതേപടി തന്നെ നിലനിർത്തിയിരിക്കുന്നു.









0 comments